ബിരിയാണിയുടെ വിലയെച്ചൊല്ലി തര്‍ക്കം ഹോട്ടൽ ഉടമയെ വെടിവെച്ചുകൊന്നു
കൊല്ക്കത്ത: ബിരിയാണി വിലയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭക്ഷണം കഴിക്കാനെത്തിയവര് ഹോട്ടലുടമയെ വെടിവച്ച് കൊന്നു. പശ്ചിമ ബംഗാളിലെ നോര്ത്ത് 24 പര്ഗാന ജില്ലയില് ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ബിരിയാണി കഴിച്ച നാലംഗ സംഘത്തിനോട് ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപ വീതം നല്കണമെന്നാവശ്യപ്പെട്ടപ്പോള് ഉണ്ടായ വാക്കുതര്ക്കമാണ് അക്രമത്തില് കലാശിച്ചത്. ഇത്രയും വില നല്കാനാവില്ലെന്ന് സംഘം വാശിപിടിച്ചതോടെ തര്ക്കം മൂര്ച്ഛിച്ചു. പിന്നാലെ സംഘത്തിലെ ഒരാളായ മുഹമ്മദ് ഫിറോസ് ഹോട്ടലുടമ സഞ്ജയുടെ നേര്ക്ക് വെടിവെക്കുകയായിരുന്നു. വെടിയേറ്റ സഞ്ജയ് മോട്ടലാലിനെ ഉടൻ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില് പരാതി ലഭിച്ചിട്ടുണ്ടെന്നും സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മുഖ്യ പ്രതി മുഹമ്മദ് ഫറോസിനെയാണ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളായ രാജ, മോഗ്രി, സല്മാന് എന്നിവര്ക്ക് വേണ്ടിയുള്ള തെരച്ചില് ഊര്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
