കൊല്‍ക്കത്ത: പശു അയല്‍ക്കാരന്‍റെ കൃഷിയിടം നശിപ്പിച്ചെന്ന് ആരോപിച്ച് 33കാരിയെ നഗ്നയാക്കി മര്‍ദ്ദിക്കുകയും വിരല്‍ മുറിക്കുകയും ചെയ്തതായി പരാതി. പശ്ചിമ ബംഗാളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

മാല്‍ഡ ജില്ലയിലെ ബൈസ്നാബ്‍നഗറിനടുത്ത ഗ്രാമത്തില്‍ ശനിയാഴ്ച വൈകിട്ടാണ് മധ്യവയസ്കയ്ക്ക് നേരെ അക്രമം നടന്നത്. ഇവരുടെ പശു അബദ്ധത്തില്‍ അയല്‍ക്കാരന്‍ ഹാറുണ്‍ ഷെയ്ക്കിന്റെ കൃഷിയിടത്തില്‍ കയറിയതാണ് സംഭവങ്ങളുടെ തുടക്കം. വീട്ടില്‍ കെട്ടിയ പശു കെട്ടുപൊട്ടിച്ച് കൃഷിയിടത്തില്‍ പ്രവേശിക്കുകയായിരുന്നു. പറമ്പിലെ വിളകള്‍ തിന്നു തുടങ്ങിയ പശുവിനെ ഹാറൂണ്‍ പിടിച്ചുകെട്ടി കാലുകള്‍ തല്ലിയൊടിച്ചു. ഇത് കണ്ട യുവതി പശുവിനെ ഇനി ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു. അതോടെ കുപിതനായ ഹാറൂണും ബന്ധുക്കളായ ലാലു ഷെയിഖ്, ഇഫ്താര്‍ ഷെയിഖ്, അഹമ്മദ് ഷെയിഖ് തുടങ്ങിയവരും ചേര്‍ന്ന് യുവതിയെ ആക്രമിക്കുകയായിരുന്നു. അക്രമികള്‍ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ഇടതുകൈയ്യിലെ രണ്ട് വിരലുകള്‍ മുറിച്ചു കളയുകയും ചെയ്തു.

യുവതിയെ രക്ഷിക്കാനെത്തിയ മകനും മര്‍ദ്ദനമേറ്റു. ഇയാളുടെ തല്യ്ക്കും പുറത്തും നിരവധി മുറിവുകളുണ്ട്. ഇരുവരുടെയും നിലവിളി കേട്ട് ഓടിക്കൂടിയ ഗ്രാമവാസികളാണ് അക്രമികളില്‍ നിന്നും അമ്മയെയും മകനെയും രക്ഷിച്ചത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിതായി സ്ത്രീയുടെ ഭര്‍ത്താവ് പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ ഭീഷണിയുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടു. ഹാറൂണ്‍ ഷെയിഖിനും ഏഴു പേര്‍ക്കുമെതിരെ ബൈസ്നാബ്നഗര്‍ പൊലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.