2017 ഫെബ്രുവരി 18ന് നേരം പുലര്‍ന്നപ്പോള്‍ വാര്‍ത്താമാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത കേരളത്തെ ഞെട്ടിച്ചു. മലയാള സിനിമയില്‍ പ്രമുഖ യുവനടി കൊച്ചിയില്‍ നഗരത്തില്‍ വാഹനത്തിനുള്ളില്‍വെച്ച് പീഡിപ്പിക്കപ്പെട്ടു എന്നതായിരുന്നു ആ വാര്‍ത്ത. 2017 ഫെബ്രുവരി 17ന് തൃശൂരില്‍ ഷൂട്ടിങ് കഴിഞ്ഞ് രാത്രി കൊച്ചിയിലേക്ക് മടങ്ങുകയായിരുന്ന യുവനടി യാത്ര ചെയ്തിരുന്ന വാഹനത്തിലാണ് നാലംഗ സംഘത്തിന്റെ പീഢനത്തിന് ഇരയായത്. നടി സഞ്ചരിച്ച വാഹനം, മറ്റൊരു വാഹനത്തില്‍ എത്തി ക്വട്ടേഷന്‍സംഘം തടഞ്ഞുനിര്‍ത്തി അതിലേക്ക് കയറി. അതിനുശേഷം പിന്‍സീറ്റിലിരുന്ന നടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഈ ദ്യശ്യങ്ങള്‍ അക്രമിസംഘം മൊബൈലില്‍ പകര്‍ത്തി. രണ്ടര മണിക്കൂറോളം നടിയുമായി വാഹനത്തില്‍ കറങ്ങിയ അക്രമികള്‍ കടന്നുകളഞ്ഞയുടന്‍ നടി കാക്കനാട്ടുള്ള സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ അഭയംതേടുകയായിരുന്നു. സംഭവം ലാല്‍ പോലീസില്‍ അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. 18ന് സംഭവത്തില്‍ പങ്ക് തെളിഞ്ഞതിനെ തുടര്‍ന്ന് നടി യാത്ര ചെയ്ത വാഹനത്തിന്റെ ഡ്രൈവര്‍ മാട്ടിന്‍ ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു. പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് നടിയെ തട്ടികൊണ്ടുപോയതെന്ന് വ്യക്തമാവുകയും പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ പൊലീസ് കണ്ടെടുത്തുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഫെബ്രുവരി 19ന് സിനിമാ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ പ്രതിഷേധ ഐക്യദാര്‍ഢ്യ കൂട്ടായ്മയും നടത്തി.