ഇന്ന് അര്‍ധരാത്രിയോടെ വാട്ട്സാപ്പിനോട് വിടപറയണോ? ശബ്ദസന്ദേശത്തിലെ വാസ്തവം ഇതാണ്

കൊച്ചി: ഉപഭോക്താക്കളുടെ വാട്ട്സാപ്പ് വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറുമെന്ന തരത്തില്‍ വ്യാപകമായി വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നു. വാട്ട്സാപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തതിന് ശേഷമുള്ള പുതിയ സ്വകാര്യ നയം ഞായറാഴ്ച പ്രാബല്ല്യത്തില്‍ വരുമെന്നും വാട്ട്സാപ്പ് വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറുന്നതിനോട് നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ ഇന്ന് അര്‍ധരാത്രിയോടെ വാട്ട്സാപ്പിനോട് വിടപറയണമെന്നുമാണ് പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നത്. സ്വകാര്യ വാര്‍ത്താ ചാനലിന്‍റേതെന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്,ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.

സെപ്റ്റംബര്‍ 25 വരെയുള്ള വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവെക്കരുത്. ഏതൊക്കെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഉപഭോക്താവിന് നല്‍കണം. വാട്ട്സാപ്പ് വിട്ടുപോയവരുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറരുത്. ഉപഭോക്താക്കളുടെ അനുമതിയില്ലാതെ ഒരുതരത്തിലുള്ള വിവരങ്ങളും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യരുതെന്നും കോടതി പറഞ്ഞതായും വ്യാജ സന്ദേശത്തിലുണ്ട്.

അതേസമയം 2016ല്‍ ഇതുസംബന്ധിച്ച് വാര്‍ത്തകളെത്തിയിരുന്നു. വാട്ട്സാപ്പ് ഫേസ്ബുക്ക് ഏറ്റെടുത്തതോടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഉപഭോക്താവിന്‍റെ സമ്മതമില്ലാതെ ഇത് സാധിക്കില്ലെന്ന് ഫേസ്ബുക്കും വാട്ട്സാപ്പും വ്യക്തമാക്കിയിരുന്നു. അതിന് പ്രത്യേക സംവിധാനവും വാട്ട്സാപ്പില്‍ ഒരുക്കിയിരുന്നു. 

ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് വാട്ട്സാപ്പില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് വാട്ട്സാപ്പിന് അന്തിമ നിര്‍ദ്ദേശവും സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അഞ്ചിലധികം പേര്‍ക്ക് സന്ദേശങ്ങള്‍ ഒരുമിച്ച് അയക്കാനുള്ള സംവിധാനം വാട്ട്സാപ്പ് നിര്‍ത്തലാക്കിയിരുന്നു. ഈ വാര്‍ത്തക്ക് പിന്നാലെയാണ് വാട്ട്സാപ്പില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.