ദില്ലി: പുതുവത്സര സന്ദേശങ്ങള്‍ പ്രവഹിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പായ വാട്‌സ്ആപ്പ് ഡൗണായി. ഒരുമണിയോടു കൂടിയാണ് തകരാര്‍ പരിഹരിക്കാനായത്. പുതുവത്സരം പ്രമാണിച്ച് സന്ദേശമയക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ആപ്പിന്റെ ട്രാഫിക്കിനെ ബാധിച്ചു.
ഇതേ തുടര്‍ന്ന് പുതിയ സന്ദേശങ്ങള്‍ അയക്കാന്‍ പറ്റാതെയും അയച്ച സന്ദേശങ്ങള്‍ എത്തിച്ചേരാതെയും വാട്‌സ്ആപ്പ് നിശ്ചലമാകുകയായിരുന്നു. ഡിസംബര്‍ 31 ന് 12 മണിക്ക് ശേഷം ഏതാണ്ട് ഒരു മണിക്കൂറോളം ഈ സ്തംഭനാവസ്ഥ തുടര്‍ന്നു. അതിന് ശേഷം തകരാര്‍ പരിഹരിച്ച ശേഷമാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തന ക്ഷമമായത്. ഇന്ത്യ, മലേഷ്യ,യുഎസ്എ, ബ്രസീല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഇത് പുതുവത്സരത്തിലേറ്റ കല്ലുകടിയായി.
അതിനിടെ വാട്‌സ്ആപ്പ് നിശ്ചലമായതോടെ ട്രോള്‍ ഗ്രൂപ്പുകള്‍ സജീവമായി. വാട്‌സ്ആപ്പിന്റെ തകരാര്‍ വിഷയമാക്കി നിരവധി ട്രോളുകള്‍ രാത്രിതന്നെ പ്രചരിച്ചു തുടങ്ങി.
