ആരോഗ്യ വകുപ്പിന് പ്രതീക്ഷ രോഗം സ്ഥിരീകരിച്ചത് 16പേര്‍ക്ക്
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല് കോളേജിൽ ചികിത്സയിലുള്ളരണ്ടു പേരുടെ നിലയില് പുരോഗതി. ഒരാളുടെ നിലയില് മാറ്റമില്ല. കഴിഞ്ഞ ദിവസം ലഭിച്ച 12 പരിശോധനാ ഫലങ്ങളും നെഗറ്റീവാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
പഴുതടച്ച പ്രതിരോധ പ്രവര്ത്തനങ്ങളിലൂടെ നിപ വൈറസിന്റെ വ്യാപനം തടയാന് ഒരു പരിധിവരെ കഴിഞ്ഞെങ്കിലും മരണ നിരക്ക് കുറയ്ക്കാന് കഴിയാത്തതാണ് വെല്ലുവിളി. ഇതുവരെ രോഗം സ്ഥിരീകരിച്ച 16 പേരില് 13 പേരും മരണത്തിന് കീഴടങ്ങി. കോഴിക്കോട് മെഡിക്കല് കോളജില് ചികില്സയില് കഴിയുന്ന രണ്ടു പേരുടെ ആരോഗ്യ നിലയിലുണ്ടായ പുരോഗതി ആരോഗ്യ വകുപ്പിന് പ്രതീക്ഷ പകരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ചികില്സയില് കഴിയുന്ന ഒരാളുടെ നില വഷളാണെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
ഇതുവരെ ലഭിച്ച 117 പരിശോനാ ഫലങ്ങളില് 101ഉം നെഗറ്റീവായതും ശുഭ ലക്ഷണമാണ്. എങ്കിലും ജൂണ് അഞ്ചു കഴിഞ്ഞാല് മാത്രമെ രോഗവ്യാപന സാധ്യത പൂര്ണമായി വിലയിരുത്താനാകൂ എന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.
അതേസമയം, നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനായി വവ്വാലുകളില് നിന്നുളള സാംപിള് ശേഖരണം ഇന്ന് പൂര്ത്തിയാകും. പഴം തിന്നുന്ന വവ്വാലുകളില് നിന്നുളള സാംപിളുകളാണ് ശേഖരിക്കുന്നത്.
