വിശാഖപട്ടണം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകള്‍ എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്, അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളും ഉണ്ട്. എന്നാല്‍ വിദേശയാത്രയുടെ കാര്യത്തില്‍ മോദിയെ പോലും പിന്തള്ളുന്ന ഒരു സംസ്ഥാന മുഖ്യമന്ത്രിയുണ്ട് രാജ്യത്ത്. എന്‍ഡിഎ ഘടകകക്ഷി തെലുങ്ക് ദേശം പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു.

ഇന്ന് റഷ്യയില്‍, നാളെ ദുബായ്, മറ്റന്നാള്‍ ഹോങ്ക്കോങ്ങ് എന്നിങ്ങനെയാണ് ചന്ദ്രബാബു നായിഡുവിന്‍റെ യാത്ര. 2014 ല്‍ അധികാരത്തില്‍ എത്തിയതിന് ശേഷം എല്ലാ മൂന്ന് മാസം കൂടുമ്പോഴും ശരാശരി ഒരു വിദേശ യാത്രയെങ്കിലും നായിഡു നടത്തിയിട്ടുണ്ട്. ഇപ്പോള്‍ അഞ്ച് ദിവസത്തെ ചൈന സന്ദര്‍ശനത്തിലുള്ള നായിഡു അവിടുന്ന് റഷ്യയിലേക്ക് യാത്ര തിരിക്കും. റഷ്യയില്‍ നടക്കുന്ന വ്യാപരമേളയില്‍ പങ്കെടുക്കുന്ന നായിഡു അവിടെ നാല് ദിവസം തങ്ങും. ഇവിടെ നായിഡുവിന് പുറമേ മഹാരാഷ്ട്ര, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരും ഇദ്ദേഹത്തോടൊപ്പം ചേരുന്നുണ്ട്.

ചൈനയിലെ അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിലൂടെ ആന്ധ്രയുടെ നിര്‍മ്മാണത്തിലുള്ള പുതിയ തലസ്ഥാനം അമരാവതിക്ക് വേണ്ടിയുള്ള നിക്ഷേപത്തിന് പുറമേ 38,000 കോടിയുടെ നിക്ഷേപം ലഭിച്ചുവെന്നാണ് ആന്ധ്രാപ്രേദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. 

എന്നാല്‍ 2014 ല്‍ മുഖ്യമന്ത്രിയായ ശേഷം ചൈനയില്‍ നായിഡു നടത്തുന്ന രണ്ടാമത്തെ സന്ദര്‍ശനമാണ് ഇത്. ഇതോടൊപ്പം ജപ്പാന്‍, മലേഷ്യ, യു.കെ, യു.എസ്.എ എന്നീ രാജ്യങ്ങളും നായിഡു രണ്ട് തവണ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ യാത്രകളെ വിമര്‍ശിക്കുന്നവരോട് നായിഡുവിന്‍റെ സര്‍ക്കാര്‍ പറയുന്ന വാദം ഈ യാത്രകള്‍ മൂലം 5 ലക്ഷം കോടിയുടെ നിക്ഷേപത്തിന്‍റെ എംഒയു ഒപ്പിട്ടു കഴിഞ്ഞു എന്നാണ്.

എന്നാല്‍ കോണ്‍ഗ്രസും, ആന്ധ്രയിലെ മുഖ്യപ്രതിപക്ഷമായ വൈഎസ്ആര്‍ കോണ്‍ഗ്രസും ശക്തമായ വിമര്‍ശനമാണ് നായിഡുവിന്‍റെ യാത്രകള്‍ക്കെതിരെ നടത്തുന്നത്. നായിഡുവിന്‍റെ യാത്രകള്‍ സംബന്ധിച്ച് ധവള പത്രം ഇറക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുമ്പോള്‍, നായിഡുവിന്‍റെ യാത്രകള്‍ മിക്കതും വിനോദയാത്രകളാണ് എന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ ആരോപണം.