കൈയ്യെത്തും ദൂരെ നഷ്ടമാക്കിയ കിരീടത്തിനായി മെസി ഇനി എത്രകാലം കാത്തിരിക്കണം
മോസ്കോ: ഒരു മാസക്കാലം നീണ്ടുനിന്ന കാല്‍പന്തു കളിയുടെ ലോക പോരാട്ടത്തിന് ഇന്ന് തിരശ്ശീല വീഴുകയാണ്. 32 ടീമുകള്‍ ഏറ്റുമുട്ടിയ പോരാട്ടം 2 ടീമുകളിലേക്ക് ചുരുങ്ങിയപ്പോള്‍ ഫ്രാന്‍സും ക്രൊയേഷ്യയുമാണ് കിരീടധാരണത്തിനായി കാത്തുനില്‍ക്കുന്നത്. കിരീടം മോഹിച്ചെത്തിയ മറ്റുള്ളവരെല്ലാം വീണുപോയപ്പോള്‍ ആരാധകര്‍ക്ക് വലിയ വേദനയായി അവശേഷിക്കുന്നത് കാല്‍പന്തുലോകത്തെ മാന്ത്രികനായ ലിയോണല്‍ മെസിയുടെ ദു:ഖമാണ്.
ഇതിഹാസ താരങ്ങള്‍ക്കെല്ലാം മുകളില്‍ ഇരിപ്പുറപ്പിക്കാന്‍ ഒരു ലോകകിരീടമെന്ന സ്വപ്നവുമായി റഷ്യന്‍ മണ്ണിലിറങ്ങിയ മെസിയെ കാത്തിരുന്നത് വലിയ തിരിച്ചടികളായിരുന്നു. പെനാല്‍ട്ടി നഷ്ടവും ക്രൊയേഷ്യക്കെതിരായ പരാജയവും ഫ്രാന്‍സിന് മുന്നില്‍ അവസാനിച്ച ലോകകപ്പ് സ്വപ്നവും എല്ലാം മെസിയെ വേട്ടയാടുന്നുണ്ടാകും.
കലാശപോരാട്ടത്തിന് വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ കാല്‍പന്തുകാലത്തെ മിശിഹ എവിടെയാണെന്ന് ചോദിക്കാത്ത ആരാധകരുണ്ടാകില്ല. കഴിഞ്ഞ വട്ടത്തെ കലാശപോരാട്ടത്തില്‍ കൈയ്യെത്തും ദൂരെ നഷ്ടമാക്കിയ കിരീടത്തിനായി മെസി ഇനി എത്രകാലം കാത്തിരിക്കണം എന്ന ചോദ്യവും അവശേഷിക്കുന്നു.
റഷ്യയില്‍ ഫൈനലിനുള്ള വിസില്‍ മുഴങ്ങുമ്പോള്‍ മെസി തന്‍റെ പ്രിയപ്പെട്ട ബാഴ്സലോണയിലാണുള്ളത്. ലോകകപ്പ് തോല്‍വിക്ക് ശേഷം നാട്ടിലെത്തിയ മെസി കരീബിയന്‍ യാത്ര കഴിഞ്ഞാണ് കഴിഞ്ഞ ദിവസം ബാഴ‌്സലോണയിലെത്തിയത്. കുടുംബസമേതമായിരുന്നു സ്‌പാനിഷ് നഗരത്തില്‍ ഇതിഹാസ താരം വണ്ടിയിറങ്ങിയത്.
വിമാനത്താവളത്തിലെത്തിയ മെസി ആരാധകര്‍ക്കൊപ്പം ചിത്രമെടുത്തു. രണ്ടാഴ്ച്ചയ്ക്ക് ശേഷം മാത്രമേ താരം ബാഴ്‌സ ക്യാമ്പില്‍ ചേരൂ എന്നാണ് സൂചനകള്‍. എന്നാല്‍ ബാഴ്‌സയുടെ പ്രീ സീസണ്‍ ക്യാമ്പ് കഴിഞ്ഞ 11-ാം തിയതി ആരംഭിച്ചിരുന്നു. 2022 ലെ ഖത്തര്‍ ലോകകപ്പില്‍ മുത്തമിടാനായി അര്‍ജന്‍റീനയുടെ നായകന്‍ എത്തുമെന്ന ആത്മവിശ്വാസവും പ്രതീക്ഷയും ആഗ്രഹവുമാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്.
