Asianet News MalayalamAsianet News Malayalam

അതിര്‍ത്തിയില്‍ കനത്ത ജാഗ്രത; ശക്തമായ തിരിച്ചടിക്ക് സർക്കാരിന് മേൽ സമ്മർദ്ദം, നാല് സാധ്യതകള്‍ ഇങ്ങനെ

ഇന്ത്യ ഏതറ്റം വരെ പോകും? വീണ്ടും മിന്നലാക്രമണം നടത്തുമോ? ശക്തമായ നടപടിക്ക് സർക്കാരിനു മേൽ സമ്മർദ്ദം ഏറുകയാണ്

whether things will go to conflict with the political leadership giving freedom to the army in the border and Kashmir.
Author
Delhi, First Published Feb 16, 2019, 7:30 AM IST

ദില്ലി:പുൽവാമ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകാൻ കേന്ദ്രസക്കാരിന് മേൽ സമ്മർദ്ദമേറുന്നു. തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ അതിർത്തിയിലും കശ്മീരിനുള്ളിലും സൈന്യത്തിന് രാഷ്ട്രീയ നേതൃത്വം പൂർണ്ണസ്വാതന്ത്ര്യം നല്കിയതോടെ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ഇതോടെ ഇന്ത്യ പാക് അതിർത്തിയിൽ ഇരു രാഷ്ട്രങ്ങളും ജാഗ്രത ശക്തമാക്കി.

കശ്മീരിൽ സുരക്ഷ ഉറപ്പാക്കുക എന്നതിനാണ് ഇന്ത്യ ആദ്യ പരിഗണന നൽകുന്നത്. അതേസമയം പുൽവാമക്ക് തിരിച്ചടി സൈന്യം തീരുമാനിക്കും എന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. നിലവിലെ സാഹചര്യത്തിൽ 2016ന് സമാനമായ സാധ്യതയാണ് തെളിയുന്നത്. ഉറി ഭീകരാക്രമണം നടന്നത് 2016 സപ്തംബർ 16നാണ്. ഭീകരാക്രമണത്തിൻറെ പതിനൊന്നാം ദിവസം പാക് അതിർത്തിക്കുള്ളിൽ കടന്ന് ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തി തിരിച്ചടിച്ചു.

ഉറിയെക്കാൾ ഇരട്ടി സൈനികർ മരിച്ചുവീണ ആക്രമണം രാജ്യത്ത് വലിയ രോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. തല്ക്കാലം സർക്കാരിനെതിരെ ജനരോഷം തിരിഞ്ഞിട്ടില്ല. എന്നാൽ നടപടിക്ക് സമ്മർദ്ദം ശക്തമാകുമ്പോൾ ഒന്നും ചെയ്തില്ലെങ്കിൽ അത്  വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിഷയമാകുമെന്ന് സർക്കാരിനറിയാം. കശ്മീരി യുവാക്കൾക്കിടയിൽ മതമൗലിക വാദം എത്ര ആഴത്തിൽ പടരുന്നു എന്ന സൂചന അദിൽ അഹമ്മദ് ധർ എന്ന യുവാവ് ഒറ്റയ്ക്ക് നടത്തിയ ഈ ചാവേർ ആക്രമണം നല്കുന്നുണ്ട്. ഒപ്പം പാകിസ്ഥാൻ നിഴൽ യുദ്ധം ശക്തമാക്കുന്നതിന്‍റെ സൂചനയും കാണാം. രാജ്യത്ത് ഭീകരവാദം ശക്തമാകുമ്പോൾ സർക്കാരിന് വെറുതേയിരിക്കാനാകില്ല.

നാലു വഴികളാണ് ചർച്ചയിലുള്ളത്.

1. ഇന്ത്യയ്ക്കകത്തും നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുമുള്ള ഭീകരക്യാമ്പുകൾ തകർക്കുക.

2. പാക് കേന്ദ്രീകൃത സംഘടനകളുടെ കേന്ദ്രങ്ങൾ ആക്രമിക്കുക.

3. പാക് സൈന്യത്തിന് അവരുടെ മണ്ണിൽ സമാന തിരിച്ചടി നല്കുക.

4. മസൂദ് അസറിനെതിരെ സുഹൃദ് രാജ്യങ്ങളുടെ സഹായത്തോടെ മിന്നൽ നീക്കം നടത്തുക. 

ഇതിൽ അവസാനത്തെ രണ്ടു വഴികളും ഒരു യുദ്ധത്തിലേക്ക് നയിച്ചേക്കാം. തെരഞ്ഞെടുപ്പ് കാലത്ത് അതിന് സർക്കാർ തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ആണവശക്തികൾ തമ്മിൽ ഒരിക്കലും ഒരു യുദ്ധം ചെയ്യാനാവില്ല എന്ന അവകാശവാദമാണ് പാകിസ്ഥാന്‍റേത്. അതേസമയം അവർ ഭീകരസംഘടനകളെ ഉപയോഗിച്ചുള്ള നിഴൽ യുദ്ധം തുടരുകയും ചെയ്യുന്നു. ഇന്ത്യ പാക് ബന്ധത്തിൽ സംയമനത്തിൻറെ എല്ലാ അതിരുകളും പുൽവാമ ഇല്ലാതാക്കി എന്ന നിലപാടാണ് കേന്ദ്രസർക്കാരിന്‍റേത്. തിരിച്ചടി അനിവാര്യതയാണെങ്കിലും അതെങ്ങനെയാകും എന്നാണ് കാത്തിരുന്നു കാണേണ്ടത്.

Follow Us:
Download App:
  • android
  • ios