Asianet News MalayalamAsianet News Malayalam

ആ പരീക്ഷണം വിജയിച്ചു; 27 വർഷത്തിനുശേഷം വെള്ളക്കടുവ പ്രസവിച്ചു

 നിർഭയെയും കരണിനെയും ഇണചേരുന്നതിനായി ഒരു കൂട്ടിനുള്ളിൽ പാർപ്പിച്ചു. ഇരുവരും തമ്മിൽ സൗഹൃദം ഉണ്ടാകുന്നില്ലെങ്കിൽ മാറ്റി പാർപ്പിക്കാം എന്നായിരുന്നു ധാരണ. എന്നാൽ ഏവരേയും അതിശയിപ്പിച്ച് നിർഭയ ഗർഭിണിയായി. 

white tiger delivered two cubs
Author
Delhi, First Published Aug 16, 2018, 4:21 PM IST


ദില്ലി: ദില്ലി നാഷണൽ സുവോളജിക്കൽ പാർക്കിൽ പരീഷണാടിസ്ഥാനത്തിൽ ബംഗാൾ കടുവയുമായി ഇണചേർത്ത വെള്ളകടുവ പ്രസവിച്ചു. മൂന്നു വയസ്സുള്ള നിർഭയ എന്ന വെള്ളകടുവയാണ് രണ്ട് കടുവക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. അഞ്ച് വയസുള്ള ബംഗാൾ കടുവ കരണുമായി ഇണചേർന്നാണ് നിർഭയ ഗർഭിണിയായത്. 27 വർഷത്തിനുശേഷം ആദ്യമായാണ് ഇവിടെ കടുവ കു‍ഞ്ഞുങ്ങളുണ്ടാകുന്നത്.  

ചൊവ്വാഴ്ച്ച ഭക്ഷണം കഴിക്കാതെ കൂട്ടിൽതന്നെ ഇരിപ്പുറപ്പിച്ച നിർഭയയെ പരിചാരകർ‌ ശ്രദ്ധിച്ചിരുന്നു. പ്രസവം അടുക്കാനായതിന്റെ ലക്ഷണമാണ് അതെന്ന് മ‍ൃഗശാലയിലെ അധികൃതർക്കും പരിചാരകർ‌ക്കും മനസ്സിലായി. തുടർന്ന് ബുധനാഴ്ച രാവിലെ പത്താം നമ്പർ കൂട്ടിൽവച്ച് മഞ്ഞ നിറങ്ങളിലുള്ള രണ്ട് കടുവ കുഞ്ഞുങ്ങൾക്ക് നിർഭയ ജന്മം നൽകി.

ഒരു പരീക്ഷണാടിസ്ഥാനത്തിൽ ഒരുക്കിയ സജ്ജീകരണമാണ് ഈ അത്ഭുതത്തിന് കാരണമായത്. നിർഭയെയും കരണിനെയും ഇണചേരുന്നതിനായി ഒരു കൂട്ടിനുള്ളിൽ പാർപ്പിച്ചു. ഇരുവരും തമ്മിൽ സൗഹൃദം ഉണ്ടാകുന്നില്ലെങ്കിൽ മാറ്റി പാർപ്പിക്കാം എന്നായിരുന്നു ധാരണ. എന്നാൽ ഏവരേയും അതിശയിപ്പിച്ച് നിർഭയ ഗർഭിണിയായി. മൃഗശാല ഡയറക്ടർ രേണു സിങ്ങും മറ്റ് അധികൃതരും ചേർന്ന് ഇരുവരുടെയും വിവാഹം കഴിഞ്ഞതായി പ്രഖ്യാപിച്ചു. 

വർഷങ്ങൾക്ക് ശേഷം മൃഗശാലയിലേക്ക് വരാൻ പോകുന്ന കടുവ കുഞ്ഞുങ്ങളെ സുരക്ഷിതരായി കിട്ടാൻ നിർഭയയെ അതീവ ശ്രദ്ധയോടെയാണ് അധികൃതരും ജോലിക്കാരും പരിപാലിച്ചത്.  ഗർഭിണിയായ നിർഭയയുടെ ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തി. പതിവായി കൊടുക്കുന്ന ‍‍‍12 കിലോഗ്രാം മാംസത്തിന് പുറമേ 3 കിലോ ചിക്കൻ, ഒരു മുട്ട, ഒരു ലിറ്റർ പാൽ എന്നിവയാണ് ഭക്ഷണത്തിൽ അധികം ഉൾപ്പെടുത്തി. 

1991ലാണ് ഇത്തരമൊരു പരീക്ഷണം ആദ്യമായി ദില്ലി മൃഗശാലയിൽ നടത്തിയത്. അന്ന് മഞ്ഞ ബംഗാൾ കടുവ സുന്ദറിനെയും വെളുത്ത ബംഗാൾ കടുവ ശാന്തിയെയും ഇണചേർത്ത് നടത്തിയ പരീക്ഷണത്തിൽ മൃഗശാല അധികൃതർ വിജയിച്ചിരുന്നു. വെള്ളയും,മഞ്ഞ എന്നീ നിറങ്ങളിലുള്ള രണ്ട് കടുവ കുഞ്ഞുങ്ങളെയാണ് ശാന്തി പ്രസവിച്ചത്. രേണു സിങ്ങാണ് വെള്ളകടുവയുടെ പേര് നിർഭയ പുനർനാമകരണം ചെയ്തത്.   

മൃഗശാലയിലെ വെള്ള കടുവ വിജയിയുടെയും മഞ്ഞ ബംഗാൾ കടുവ കൽപനയുടെയും മകളാണ് നിർഭയ. 2014ൽ ദില്ലി മൃഗശാലയിൽവച്ച് ഒരാളെ കടിച്ചു കീറിക്കൊന്ന കടുവയാണ് വിജയ്. 2015ലാണ് നിർഭയയുടെ ജനനം. 2014ൽ മൈസൂർ മൃഗശാലയിൽനിന്നും ദത്തെടുത്തത ബംഗാൾ കടുവയാണ് കരൺ. നിലവിൽ ഏഴ് വെള്ള ബംഗാൾ കടുവയും അഞ്ച് മഞ്ഞ കടുവകളുമാണ് മൃഗശാലയിലുള്ളത്.
 

Follow Us:
Download App:
  • android
  • ios