തമിഴകരാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിൽ ഒരുപാട് കാലമായി നിറഞ്ഞു നിൽക്കുന്ന പേരാണ് ടിടിവി ദിനകരൻ. ഇന്ന് രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ടിടിവി ദിനകരൻ കളത്തിലിറങ്ങി നിറഞ്ഞു കളിക്കുന്നത് ജയലളിതയുടെ മരണശേഷമാണ്. ശശികലയുടെ പടത്തലവനായി നിന്ന് പടപൊരുതുന്ന ടിടിവി ദിനകരൻ യഥാർത്ഥത്തിൽ ആരാണ്? 

മന്നാർഗുഡി മാഫിയ എന്ന പേര് തമിഴ് രാഷ്ട്രീയം ശ്രദ്ധിക്കുന്ന ഏവർക്കും പരിചിതമാണ്. പക്ഷെ തമിഴ്നാടിനെ മുഴുവൻ വിവിധ മേഖലകളായിവിഭജിച്ച് അദൃശ്യസാന്നിധ്യമായി നിറഞ്ഞുനിൽക്കുന്ന ഈ മാഫിയയുടെ തനിസ്വരൂപം അറിയുന്നവർ കുറവായിരിക്കും. 

തിരൂവാരൂർ ജില്ലയിലെ മന്നാർഗുഡിയെന്ന ഗ്രാമനാമം തമിഴ്നാട് സംസ്ഥാനത്തിന്റെ സമാന്തര അധികാരകേന്ദ്രമായ കഥയാണത്. അതിൽ നിറഞ്ഞുകളിക്കുന്ന നിരവധിപേരിൽ ഒരാൾ മാത്രമാണ് ടിടിവി ദിനകരൻ. പക്ഷെ ഇന്ന് ദിനകരനാണ് മന്നാർഗുഡി മാഫിയയുടെ മുഖം. 

മന്നാർഗുഡിയിൽ താമസമാക്കിയ കാർഷിക കുടുംബത്തിലെ വിവേകാനന്ദം കൃഷ്ണവേണി ദന്പതികൾക്ക് 1957ൽ ശശികല എന്ന മകൾ ജനിക്കുന്നിടത്താണ് ഈ ചരിത്രത്തിന്റെ തുടക്കമെന്ന് പറയാം. ശശികലയെ കൂടാതെ നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയും കൂടി വിവേകാനന്ദം കൃഷ്ണവേണി ദന്പതികൾക്ക് ഉണ്ടായിരുന്നു. മന്നാർഗുഡി മാഫിയയെ അടുത്തറിയുകയെന്നാൽ ഈ കുടുംബത്തെ അടുത്തറിയലാണ്. ഭർത്താവ് നടരാജൻ വഴി ശശികല ജയലളിതയുടെ തോഴിയായി എത്തുന്നതുമുതലുള്ള അടുത്തറിയലാണ് പ്രസക്തം. 

ശശികലയുടെ സഹോദരി വനിതാമണിയുടെ നാല് മക്കളിൽ ഒരാളാണ് ടിടിവി ദിനകരൻ. ശശികലയുടെ വളർത്തുമകനായിരുന്ന സുധാകരൻ, ടിടിവി ഭാസ്കരൻ എന്നിവരാണ് ദിനകരന്റെ സഹോദരൻമാർ. തേനി കേന്ദ്രീകരിച്ച് തെക്കൻ തമിഴ്നാട് നിയന്ത്രിക്കുന്ന ഇവർ ടിടിവി ബ്രദേഴ്സ് എന്നാണ് അറിയപ്പെടുന്നത്. ശ്രീ എന്ന് പേരുള്ള ഒരു സഹോദരി കൂടി ഇവർക്കുണ്ട്. 

വനിതാമണിയെ കൂടാതെ ഡോ വിനോദകൻ, സുന്ദരവദനം,ജയരാമൻ, ദിവാഹരൻ എന്നീ നാല് സഹോദരങ്ങളാണ് ശശികലയ്ക്ക് ഉള്ളത്. ശശികലയ്ക്ക് ഒപ്പം എന്നുമുണ്ടായിരുന്ന ഇളവരശി ശശികലയുടെ മരിച്ചുപോയ സഹോദരൻ ജയരാമന്റെ ഭാര്യയാണ്. 

തിരുച്ചി മേഖലയിൽ ശശികലയുടെ മരിച്ചുപോയ മറ്റൊരു സഹോദരൻ വിനോദകന്റെ മകൻ ടിവി മഹാദേവനാണ് ശക്തൻ. തിരുച്ചിറപ്പള്ളി കേന്ദ്രമായ ഡെൽറ്റമേഖല അടക്കിഭരിക്കുന്നത് ശശികലയുടെ സഹോദരൻ വി ദിവാഹരനാണ്. കൊങ്ങുമേഖല ശശികലയുടെ ഇളയച്ഛന്റെ മകൻ രാവണന്റെ അധികാര പരിധിയിലാണ്. ഈ പ്രധാനികളെ കൂടാതെ പുത്തൻതലമുറയും വിവിധ മേഖലകളിൽ അധികാര കേന്ദ്രങ്ങൾ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. 

ഈ അധികാരതർക്കങ്ങളിൽ ചിലപ്പോഴെല്ലാം പരസ്പരകലഹങ്ങളും ഉയർന്നുവന്നിട്ടുണ്ട്. അതിൽ ഏറ്റവും മാധ്യമശ്രദ്ധ നേടിയത് ദിനകരനും ഇളവരശിയുടെ മകൻ വിവേകും തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു. ജയ ടിവിയിലെ അസ്വാരസ്യങ്ങൾ ഏറെ വാർത്തകൾക്ക് വഴിവച്ചിരുന്നു. ജയലളിതയുമായി ഏറെ അടുപ്പമുണ്ടായിരുന്ന മന്നാർഗുഡി കുടുംബത്തിലെ അംഗങ്ങളാണ് വിവേകും സഹോദരി കൃഷ്ണപ്രിയയും. വിവേക് കുഞ്ഞായിരുന്നതുമുതൽ വളർന്നത് പോയസ് ഗാർഡനിലാണ്. ദിനകരനും സഹോദരൻ ദിവാഹരനും തമ്മിലും ഇടയ്ക്ക് ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത് പിന്നീട് പരിഹിരിക്കപ്പെട്ടുവെന്നാണ് വാർത്തകൾ.

ഒരുകാലത്ത് തമിഴ്രാഷ്ട്രീയം മാത്രമല്ല ഉദ്യോഗസ്ഥവൃന്ദത്തിലും ബിസിനസ് മേഖലയിലുമെല്ലാം മന്നാർഗുഡി കുടുംബത്തിന്റെ സ്വധീനം ശക്തമായിരുന്നു. ദില്ലിയിലെ അധികാരകേന്ദ്രങ്ങളിൽ വരെ ഇവരുടെ ചാരൻമാരുണ്ടായിരുന്നുവത്രെ. 2011ൽ ജയലളിത ശശികലയുടെ കുടുംബക്കാരെ മുഴുവൻ പുറത്താക്കിയപ്പോൾ മന്നാർഗുഡി മാഫിയയ്ക്ക് ക്ഷീണമേറ്റതായിരുന്നു. പക്ഷെ ജയലളിതയുടെ മരണത്തോടെ വീണ്ടും ശക്തമായി തിരികെവന്നു. ശശികലയുടെ ജയിലിൽ പോക്കും തുടർന്ന് നടന്ന രാഷ്ട്രീയനീക്കങ്ങളും റെയ്ഡുമൊക്കെ മന്നാർഗുഡി കുടുംബത്തെയും ദിനകരനെ പ്രത്യേകിച്ചും അടിയോടെ തളർത്തിയെന്നായിരുന്നു തമിഴകത്തെ പൊതുചിത്രം. രണ്ടില ചിഹ്നത്തിന് വേണ്ടി ഇലക്ഷൻ കമ്മീഷനെ തന്നെ പണം നൽകി സ്വാധീനിക്കാൻ ദിനകരൻ ശ്രമിച്ചെന്ന ആരോപണവും തുടർന്നുണ്ടായ പൊല്ലാപ്പുകളും വേറെ. പക്ഷെ അങ്ങനെയൊന്നും കളിനിർത്തി മടങ്ങുന്നവനല്ല താനെന്ന് ടിടിവി ദിനകരൻ തെളിയിക്കുകയാണ്. മന്നാർഗുഡിയെന്ന പേര് വീണ്ടും തമിഴകത്തിന്റെ പൊതുചർച്ചകളിൽ നിറയുകയാണ്.