വലിയ വൈരുദ്ധ്യങ്ങള്‍ ഉണ്ടെങ്കില്‍ ബിഷപ്പിനെതിരെ എന്തുകൊണ്ട് ആദ്യം സത്യവാങ്മൂലം നല്‍കി. ആദ്യ സത്യവാങ്മൂലത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ പൊലീസ് നിലപാട്. അന്വേഷണത്തില്‍ പോരായ്മയുണ്ടെങ്കില്‍ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാമെന്നും കെമാല്‍ പാഷ

തിരുവനന്തപുരം:ബലാത്സംഗകേസില്‍ കുറ്റാരോപിതനായ ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നത് സ്വാധീനങ്ങള്‍ക്ക് വഴങ്ങിയത് മൂലമെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി കെമാല്‍ പാഷ. പൊലീസ് വ്യത്യസ്ത സത്യവാങ്മൂലങ്ങള്‍ നല്‍കിയത് കോടതിയലക്ഷ്യം. വലിയ വൈരുദ്ധ്യങ്ങള്‍ ഉണ്ടെങ്കില്‍ ബിഷപ്പിനെതിരെ എന്തുകൊണ്ട് ആദ്യം സത്യവാങ്മൂലം നല്‍കി. ആദ്യ സത്യവാങ്മൂലത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ പൊലീസ് നിലപാട്. അന്വേഷണസംഘം ജനങ്ങള്‍ക്ക് മുന്‍പില്‍ അവഹേളിക്കപ്പെടുകയാണ്. അന്വേഷണത്തില്‍ പോരായ്മയുണ്ടെങ്കില്‍ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാമെന്നും കെമാല്‍ പാഷ പറഞ്ഞു. ന്യൂസ് അവറില്‍ പ്രതികരിക്കുകയായിരുന്നു കെമാല്‍ പാഷ.

ജലന്ധർ ബിഷപ്പിനെതിരായ ബലാൽസംഗക്കേസിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയെന്നാണ് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടത്. സിബിഐ അന്വേഷണത്തിന്‍റെ ആവശ്യം ഇപ്പോഴില്ലെന്നും അറസ്റ്റല്ല തെളിവുകളാണ് പ്രധാനമെന്നും കോടതി പറഞ്ഞിരുന്നു. ബിഷപ്പിനെതിരായ ബലാൽസംഗക്കേസിലെ അന്വേഷണത്തിൽ കോടതി മേൽനോട്ടവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടുളള ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. അന്വേഷണസംഘം മുദ്രവെച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചശേഷമായിരുന്നു പ്രാഥമിക വാദം. ബിഷപ്പിനെ അറസ്റ്റ് ചെയ്യണോയെന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് കോടതി പറഞ്ഞു.

നിലവിലെ അന്വേഷണം തൃപ്തികരമാണ്. പ്രധാനപ്പെട്ട രേഖകളെല്ലാം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബിഷപ്പിനെ അറസ്റ്റുചെയ്യുന്നില്ലെന്ന് ഹർജിക്കാർ വാദം ഉന്നയിച്ചപ്പോൾ അറസ്റ്റാണോ പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതാണോ പ്രധാനമെന്ന് കോടതി ചോദിച്ചിരുന്നു. അറസ്റ്റ് നടക്കാത്തതിന് അതിന്‍റേതായ കാരണങ്ങളുണ്ടാകാം. പ്രതിയായ ബിഷപ്പിനെ പൊലീസ് ചോദ്യം ചെയ്യട്ടേയെന്നും അതിനു ശേഷം ഹര്‍ജികള്‍ പരിഗണിക്കാമെന്നുമാണ് കോടതി പറഞ്ഞത്.