ഇഷ അംബാനിയുടെ വിവാഹത്തിന് ആമിർ ഖാനും അമിതാഭ് ബച്ചനും ഭക്ഷണം വിളമ്പിയതെന്തുകൊണ്ടാണെന്ന് ട്വിറ്ററിലൂടെ ഒരു ആരാധിക അഭിഷേകിനോട് ചോദിച്ചിരുന്നു.
മുംബൈ: ആഡംബരത്തിന്റെ പ്രൗഢിയിലായിരുന്നു മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹം. പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെ മകൻ ആനന്ദായിരുന്നു വരന്‍. ആഡംബരം കൊണ്ട് മാത്രമല്ല താരസാന്നിധ്യം കൊണ്ടും വളരെയധികം ശ്രദ്ധ നേടിയ വിവാഹമായിരുന്നു ഇഷയുടേത്.
ആനന്ദിന്റെയും ഇഷയുടെയും വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ അവയിൽ നിന്നും വ്യത്യസ്ത മായി വിവാഹ സൽക്കാരത്തിൽ ബിഗ് ബി അടക്കമുള്ള ബോളിവുഡ് താരങ്ങൾ അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകരെ ഏറെ അദ്ഭുതപ്പെടുത്തിയത്. തങ്ങളുടെ പ്രിയ താരങ്ങൾ എന്തിനാണ് ഭക്ഷണം വിളമ്പിയതെന്ന സംശയം ആരാധകരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തിരുന്നു. അതിന് മറുപടിയുമായാണ് അഭിഷേക് ബച്ചൻ രംഗത്തെത്തിരിക്കുന്നത്.
ഒരു ആചാരത്തിന്റെ ഭാഗമായാണ് തങ്ങൾ ഭക്ഷണം വിളമ്പിയതെന്നായിരുന്നു അഭിഷേക് നൽകിയ മറുപടി. ‘സാജൻ ഗോത്’ എന്നറിയപ്പെടുന്ന ആചാരമാണത്. വധുവിന്റെ ബന്ധുക്കൾ വരന്റെ ബന്ധുക്കൾക്ക് ഭക്ഷണം വിളമ്പും, അഭിഷേക് ട്വീറ്റ് ചെയ്തു. ഇഷ അംബാനിയുടെ വിവാഹത്തിന് ആമിർ ഖാനും അമിതാഭ് ബച്ചനും ഭക്ഷണം വിളമ്പിയതെന്തുകൊണ്ടാണെന്ന് ട്വിറ്ററിലൂടെ ഒരു ആരാധിക അഭിഷേകിനോട് ചോദിച്ചിരുന്നു. ഇതിനാണ് താരം മറുപടി നൽകിയത്.
ഉദയ്പൂരിൽ രണ്ടു ദിവസം നീണ്ടുനിന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങളിലും മുംബൈയിൽ അംബാനിയുടെ വസതിയിൽ നടന്ന വിവാഹ ചടങ്ങുകളിലുമായി അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ഷാരൂഖ് ഖാൻ, ആമിർ ഖാൻ തുടങ്ങി നിരവധി താര നിരതന്നെ പങ്കെടുത്തിരുന്നു. പലരും കുടുംബ സമേതമാണ് എത്തിയത്. ഡിസംബർ 12 നായിരുന്നു ഇഷ അംബാനിയുടെ വിവാഹം.
