ആലപ്പുഴ: ദേശീയപാത വീതികൂട്ടുമ്പോള്‍ വീട് നഷ്ടപ്പെടുന്നവരില്‍ പൊതുമരാമത്തു മന്ത്രി ജി സുധാകരനും. പാതയുടെ ഇരുവശങ്ങളില്‍നിന്നുമായി ഏഴരമീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ വീടിന്‍റെ പകുതിയോളം പൊളിച്ചുമാറ്റേണ്ടിവരും. പുന്നപ്രയിലെ തൂക്കുകുളം ജംഗ്ഷനു സമീപത്തുള്ള ദേശീയപാതയോരത്താണ് മന്ത്രിയുടെ വീട്. എന്നാല്‍ പാതയുടെ രൂപരേഖ തയ്യാറാക്കുന്നതിന് മുമ്പ് സ്വയം വീടൊഴിഞ്ഞ് മന്ത്രി മാതൃകയായി. 

അധികം വിലയാകാത്ത വീടുവാങ്ങുക എന്ന മകന്‍ നവനീതിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് പറവൂര്‍ ഗവണ്‍മെന്റ് സ്‌കൂളിന് സമീപം പത്തുവര്‍ഷം പഴക്കമുള്ള ഇരു നില മൂന്നു ബെഡ്‌റൂം വീടും കുടുംബം വാങ്ങി. മന്ത്രിയുടെ സമ്പാദ്യം, ഭാര്യയുടെ പെന്‍ഷന്‍ ആനുകൂല്യം, മകന്‍റെയും മരുമകളുടെയും സമ്പാദ്യം എന്നിവ ഉപയോഗിച്ചാണ് വീടുവാങ്ങിയത്. പാര്‍ട്ടി അനുമതിയോടെ കഴിഞ്ഞ ദിവസം മന്ത്രിയും കുടുംബവും പഴയ വീടൊഴിഞ്ഞു.

ദേശീയപാത നാലുവരിയാക്കുമ്പോള്‍ റോഡിന്‍റെ ഇരുവശത്തുനിന്നും തുല്യമായി സ്ഥലമെടുക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ ഘട്ടത്തിലാണ് വീതിവര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടത്. ദേശീയപാത വീതികൂട്ടലിന് കേന്ദ്രാനുമതി ലഭിച്ചുകഴിഞ്ഞാല്‍ സ്ഥലമെടുപ്പു ജോലികള്‍ക്ക് തുടങ്ങും.

മന്ത്രിയും കുടുംബവും വാങ്ങിയ പുതിയ വീട്