വാട്ട്സ്ആപില്‍ വ്യാപക ഫോര്‍വേഡുകള്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലും ഈ പേര് ട്രെന്‍റിംഗ്

'കര്‍ണാടകത്തിലെ രാഷ്ട്രീയ കോലാഹലങ്ങളെക്കുറിച്ച് തല്‍ക്കാലം മറന്നേക്കൂ. പകരം ഈ ചിത്രങ്ങള്‍ കാണൂ..' കര്‍ണാടക നിയുക്ത മുഖ്യമന്ത്രിയും ജെഡിഎസ് സംസ്ഥാന പ്രസിഡന്‍റുമായ എച്ച്.ഡി.കുമാരസ്വാമിയ്ക്ക് നടി രാധികയുമായുള്ള ബന്ധമാണ് ചിത്രങ്ങള്‍ സഹിതം വാട്ട്സ്ആപില്‍ മേല്‍പറഞ്ഞ അടിക്കുറിപ്പോടെ വ്യാപകമായി ഫോര്‍വേഡ് ചെയ്യപ്പെട്ടത്. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും രാധിക കുമാരസ്വാമി എന്ന പേര് കഴിഞ്ഞ മണിക്കൂറുകളില്‍ ട്രെന്‍റിംഗ് ആയി. നിയമപ്രകാരമല്ലാതെ കുമാരസ്വാമി നടത്തിയ രണ്ടാംവിവാഹമാണിതെന്നും അദ്ദേഹത്തിന്‍റെ ആദ്യവിവാഹം നടന്ന വര്‍ഷം രാധിക ജനിച്ചിട്ടേയുള്ളുവെന്നുമൊക്കെയുള്ള വിശദമായ സന്ദേശങ്ങളാണ് ചിത്രങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിക്കപ്പെട്ടത്. വ്യക്തിശുദ്ധിയില്ലാത്ത ഒരു നേതാവാണോ ഒരു സംസ്ഥാനം ഭരിക്കാന്‍ പോകുന്നതെന്ന ചോദ്യമാണ് ഈ ഫോര്‍വേഡുകളിലൂടെ രാഷ്ട്രീയ എതിരാളികള്‍ നിശബ്ദമായി ഉന്നയിക്കാന്‍ ശ്രമിച്ചത്. അതിനായി അവര്‍ തെരഞ്ഞെടുത്തത് കുമാരസ്വാമിയുടെ സ്വകാര്യജീവിതവും.

കന്നഡ സിനിമയിലെ പ്രമുഖ അഭിനേത്രിയും നിര്‍മ്മാതാവുമാണ് രാധിക. 2002ല്‍ പതിനാലാം വയസ്സിലാണ് നീലമേഘശര്‍മ്മ എന്ന ചിത്രത്തിലൂടെ അവര്‍ അരങ്ങേറുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2006ലാണ് കുമാരസ്വാമിയും രാധികയും വിവാഹിതരാവുന്നത്. ഈ ബന്ധം മാധ്യമങ്ങളില്‍ ആദ്യമായി ഇടംപിടിക്കുന്നത് കന്നഡ സിനിമയില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയിലെത്തിയ ദിവ്യ സ്പന്ദന എന്ന രമ്യയുമായുള്ള രാഷ്ട്രീയ വാക്കുതര്‍ക്കത്തിനിടെയും. ഇരുവരുടെയും രണ്ടാം വിവാഹബന്ധമായിരുന്നു അത്. പില്‍ക്കാലത്ത് ജെഡിഎസിന്‍റെ നേതൃസ്ഥാനത്തേക്ക് വന്ന അനിതയാണ് കുമാരസ്വാമിയുടെ ആദ്യഭാര്യ. ആ ബന്ധത്തിലുള്ള മകന്‍ നിഖില്‍ ഗൗഡ കന്നഡ സിനിമയിലെ യുവതാരമാണ്. 

രാധിക കുമാരസ്വാമി

ആദ്യവിവാഹം കുമാരസ്വാമി വേര്‍പെടുത്തിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി രാഷ്ട്രീയ എതിരാളികളാല്‍ ഈ ബന്ധം കോടതിയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 494ാം വകുപ്പിലെ ഹിന്ദു വ്യക്തിനിയമപ്രകാരമുള്ള വിവാഹച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പരാതി തള്ളിപ്പോയി. ഷമിക കെ.സ്വാമി എന്ന ഒരു മകളുണ്ട് ഇരുവര്‍ക്കും.

നാല് ദിവസം നീണ്ടുനിന്ന നാടകീയ സംഭവവികാസങ്ങള്‍ക്ക് ശേഷം ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജി വച്ചതിന് പിന്നാലെയാണ് നിയുക്തമുഖ്യമന്ത്രി കുമാരസ്വാമിയുടെ സ്വകാര്യജീവിതത്തിലെ 'വ്യക്തിശുദ്ധി' പരിശോധിക്കുന്ന സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ പ്രചരിക്കപ്പെട്ടത്. രാഷ്ട്രീയ എതിരാളികളാല്‍ സൃഷ്ടിക്കപ്പെട്ടതെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന സന്ദേശങ്ങളാല്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ തന്‍റേതായ സിനിമാ തിരക്കുകളിലാണ് രാധിക കുമാരസ്വാമി. നാല് സിനിമകളുടെ കരാറുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട് അവര്‍ക്ക്.