കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നടത്തിയ നാടകീയ നീക്കത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നടത്തിയ നാടകീയ നീക്കത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്‍റിലെ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുമ്പോഴാണ് മോദിയുടെ പരിഹാസം. ഇന്ന് ഉച്ചയ്ക്ക് തന്‍റെ പ്രസംഗത്തിന് ശേഷം മോദിക്ക് അടുത്ത് എത്തിയ രാഹുല്‍ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തിരുന്നു.

ഇന്ന് രാവിലെ ചര്‍ച്ചയും വോട്ടിംഗും കഴിയുന്നതിന് മുന്‍പേ ഒരു അംഗം എന്‍റെ അടുത്തേക്ക് ഓടിവന്നു, എന്നിട്ട് എഴുന്നേല്‍ക്കൂ,എഴുന്നേല്‍ക്കൂ എന്ന് വീണ്ടും വീണ്ടും പറഞ്ഞു. എന്താണ് അധികാരത്തില്‍ വരാന്‍ ഇത്ര തിരക്ക്, ആ അംഗത്തോട് ഞാന്‍ പറയാം, നമ്മളെ തിരഞ്ഞെടുത്തത് ജനങ്ങളാണ്. അതാണ് നമ്മള്‍ ഇവിടെ എത്തിയത്. ജനങ്ങളാണ് ഞാന്‍ എപ്പോഴാണ് എഴുന്നേല്‍ക്കേണ്ടത് ഇരിക്കേണ്ടത് എന്ന് പറയുന്നത്.

ഇന്ന് രാവിലെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. മോദിക്ക് ചൈനയുടെ താൽപര്യമാണ് പ്രധാനമെന്നും അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ചര്‍ച്ചയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് എന്തെന്ന് മനസിലാക്കി തന്നതിന് നന്ദി. ചിരിക്കുകയാണെങ്കിലും മോദിയുടെ കണ്ണുകളിൽ പരിഭ്രമമാണ് കാണുന്നത്. എന്‍റെ കണ്ണുകളിലേക്ക് നോക്കുന്നില്ല. വിശ്വസിച്ച യുവാക്കളെ പ്രധാനമന്ത്രി വഞ്ചിച്ചു. പ്രധാനമന്ത്രി നൽകിയത് പൊള്ളയായ വാഗ്ദാനങ്ങളാണ്. വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലവസരങ്ങൾ എവിടെയെന്ന് രാഹുല്‍ ചോദിച്ചു.

ജനങ്ങൾക്ക് നൽകുമെന്ന് പറഞ്ഞ 15 ലക്ഷം എവിടെ. ഗുണം കോട്ടിട്ട വ്യവസായികൾക്കും അമിത് ഷായുടെ മകനും മാത്രമാണ്. ജയ്ഷായുടെ അഴിമതിക്ക് രാജ്യത്തിന്റെ കാവൽക്കാരൻ കണ്ണടച്ചു. 45000 കോടിയുടേതാണ് റാഫേൽ അഴിമതി. പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി കോടികൾ ചെലവിടുന്നു. ഇതിന് പിന്നിൽ റാഫേൽ അഴിമതിപ്പണമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. യാതൊരു തെളിവുകളുമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് പറഞ്ഞ് രാഹുൽ ഗാന്ധിയുടെ പ്രസംഗം ബിജെപി തടസപ്പെടുത്തി. തെളിവുകള്‍ ഇല്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ എംപിമാര്‍ ബഹളം വച്ചതോടെ കുറച്ചു നേരത്തേക്ക് സഭ നിര്‍ത്തിവച്ചു.