വാഷിംഗ്ടണ്‍: സാമ്പത്തിക മാന്ദ്യം മൂലം ജീവിതം ദുസ്സഹമായ അമേരിക്കയിലെ സാധാരണക്കാരായ വെള്ളക്കാരുടെ പിന്തണയാണ് ഡോണാള്‍ഡ് ട്രംപിനെ വൈറ്റ് ഹൗസിലെത്തിച്ചത്. മുസ്ലിങ്ങളെ പുറത്താക്കുമെന്നും ലാറ്റിനമേരിക്കന്‍ കുടിയേറ്റക്കാരെ തടയാന്‍ മതിലുയര്‍ത്തുമെന്നുമൊക്കെയുള്ള തീവ്ര നിലപാടുകള്‍ ട്രംപിനെ അവരുടെയൊക്കെ പ്രതീക്ഷയും ഹീറോയുമാക്കി.

തെരഞ്ഞെടുപ്പ് ഫണ്ട് താന്‍തന്നെ ചെലവഴിക്കും, സംഭാവന സ്വീകരിക്കില്ല തുടങ്ങിയ പ്രഖ്യാപനങ്ങളോടെയായിരുന്നു ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായത്. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന സ്വാധീനശക്തികളോടുള്ള എതിര്‍പ്പാണ് ഈ പ്രഖ്യാപനത്തില്‍ ജനം കണ്ടത്. ആ സ്വാധീന ശക്തികളാണ് ഭരണത്തിന്റെ കടിഞ്ഞാണ്‍ നിയന്ത്രിക്കുന്നതെന്ന തിരിച്ചറിവ് നേരത്തെ ഉണ്ടായിരുന്നെങ്കില്‍ പോലും അതിന് തടയിടാന്‍ ജനങ്ങള്‍ക്ക് ആകുമായിരുന്നില്ല.

ഏത് പാര്‍ട്ടിയും വ്യക്തിയും ഭരണത്തില്‍ വന്നാലും മാറ്റമുണ്ടാകില്ലെന്നത് ആ തിരിച്ചറിവിന്റെ ഭാഗമായിരുന്നു. വോട്ട് ഫോര്‍ ചേഞ്ച് എന്ന മുദ്രാവാക്യവുമായി വൈറ്റ് ഹൗസിലെത്തിയ ഒബാമ പോലും നിസഹായനായത് ജനം കണ്ടു നിന്നതുമാണ്. വ്യവസ്ഥിതികള്‍ക്കെതിരെയുള്ള ട്രംപിന്റെ പ്രഖ്യാപനങ്ങളും ജനങ്ങളെ നല്ലരീതിയില്‍ സ്വാധീനിച്ചു.

തകര്‍ന്ന വ്യവസായങ്ങളെ പുനരുദ്ധരിക്കുമെന്ന പ്രഖ്യാപനത്തിലൂടെ വ്യവസായ നഗരങ്ങളെ ട്രംപ് കൈയിലെടുത്തു. സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷം രാജ്യമാകെ പടര്‍ന്നുപിടിച്ച ആശങ്കയ്ക്ക് ട്രംപ് നിര്‍ദ്ദേശിച്ച പരിഹാരം മുസ്ലിങ്ങളെ നിരോധിക്കുകയെന്നതാണ്. കുടിയേറ്റക്കാരെ പുറത്താക്കണമെന്നുകൂടി പറഞ്ഞതോടെ അമേരിക്കയിലെ വെളുത്ത വര്‍ഗക്കാരെ വിഴുങ്ങുന്ന മറ്റൊരു ആശങ്കയ്ക്കും പരിഹാരമായി.

ട്രംപിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അതിനെല്ലാം ഇടയ്ക്ക് മുങ്ങിപ്പോയി. എന്തും വിളിച്ചു പറയാനും അത് മാറ്റിപ്പറയാനും മടിയില്ലാത്ത ഡോണാള്‍ഡ് ട്രംപ് എന്ന കോടീശ്വരനെ മാന്യതയുടെയും പരിഷ്കാരത്തിന്റെയും പ്രതീകമായ അമേരിക്കന്‍ ജനത എങ്ങനെ തെരഞ്ഞെടുക്കും എന്ന ആശങ്കകള്‍ ഇതോടെ അര്‍ഥമില്ലാതായിരിക്കുന്നു. ട്രംപിന്റെ ജയത്തിലൂടെ വ്യവസ്ഥിതികളോടുള്ള പ്രതിഷേധമാണ് അമേരിക്കന്‍ ജനത രേഖപ്പെടുത്തുന്നത്.

ബ്രെക്സിറ്റ് എറ്റവും നല്ല തീരുമാനമെന്ന് പ്രശംസിച്ച വ്യക്തിയാണ് ട്രംപ്. ജനങ്ങള്‍ അതിര്‍ത്തികളെച്ചൊല്ലിയും കുടിയേറ്റത്തെച്ചൊല്ലിയും രോഷാകുലരാണ്, ആ രോഷമാണ് ബ്രെക്സിറ്റിലൂടെ പ്രകടമായതെന്നും ട്രംപ് പറഞ്ഞിരുന്നു. അന്ന് ആ പരാമര്‍ശം ബ്രിട്ടീഷ് മാധ്യമങ്ങള്‍ പരിഹസിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തതാണ്. അതേ ജനരോഷം മുതലെടുത്ത് വൈറ്റ് ഹൗസിലെത്താനുള്ള ശ്രമമെന്നായിരുന്നു ട്രംപിന്റെ പ്രസിഡന്റ് മോഹത്തെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. അതിപ്പോള്‍ സത്യമായിരിക്കുന്നു.