പൊലീസ് കാര്യം തിരക്കിയപ്പോഴാണ് മര്‍ദ്ദനത്തിന്റെ കാരണം അറിഞ്ഞത്

ഇടുക്കി: പ്രേമ വിവാഹം കഴിഞ്ഞ രണ്ടാം ദിവസം പരസ്യമായി ഭാര്യ ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം കേരളാ തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ കോയമ്പത്തൂര്‍ സായ് ബാബ കോളനിയില്‍ സായ് ബാബ ക്ഷേത്രത്തിനരികിലാണ് സംഭവം നടന്നത്. രാവിലെ 11 മണിയോടെ ക്ഷേത്രത്തിനരികില്‍ ഒരു പെണ്‍കുട്ടി യുവാവിനെ പരസ്യമായി ഓടിച്ചിട്ട് തള്ളുന്നതാണ് നാട്ടുകാര്‍ കണ്ടത്.

വേദന കൊണ്ട് പുളഞ്ഞ യുവാവ് അലറി കരഞ്ഞെങ്കിലും പെണ്‍കുട്ടി മര്‍ദ്ദനം തുടര്‍ന്നു. കാര്യം തിരക്കാനോ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാനോ ശ്രമിക്കാതെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു കണ്ടുനിന്നവര്‍. ആരോ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കാര്യം തിരക്കിയപ്പോഴാണ് മര്‍ദ്ദനത്തിന്റെ കാരണം വ്യക്തമായത്. രസകരമായ കാരണം കേട്ട പോലീസും നാട്ടുകാരും ചിരിയാടാക്കാനാവാതെ കഷ്ടപ്പെടുകയായിരുന്നു. ഇരുവരും പൊള്ളാച്ചിക്കടുത്ത് കിണത്തു കടവ് സ്വദേശികളാണ്. ഒരു വര്‍ഷം നീണ്ട പ്രേമത്തിനൊടുവില്‍ വീട്ടുകാര്‍ അറിയാതെ രഹസ്യമായി വിവാഹം കഴിച്ച് ഈ നാട്ടിലെത്തിയതാണ്. 

ആദ്യ രാത്രിയിലാണ് യുവാവിന്റെ കൈയ്യില്‍ മറ്റൊരു പെണ്‍കുട്ടിയുടെ പേര് പച്ചകുത്തിയത് പെണ്‍കുട്ടി കാണുവാന്‍ ഇടയായി. കാര്യം ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയ യുവാവിനോട് ക്ഷേത്രത്തില്‍ വച്ച് സത്യം ചെയ്യണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതിന് വേണ്ടി ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ഇരു വരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു.

ഭര്‍ത്താവിനെതിരെ പരാതിയുണ്ടെങ്കില്‍ എഴുതി നല്കാന്‍ യുവതിയോടും മര്‍ദനത്തില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ യുവാവിനോടും പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു, അല്ലാത്തപക്ഷം ഇരുവര്‍ക്കുമെതിരെ സ്വമേഥയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഇതു കേട്ടതും രണ്ടു പേരും സ്ഥലം കാലിയാക്കി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു.