ജമ്മു: രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിന് നേരെ ഭാര്യയുടെ ആസിഡ് ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകളുടെ സഹായത്തോടെയായിരുന്നു ഭാര്യയുടെ ആക്രമണം. ജമ്മുവിലെ കത്വയില്‍ നടന്ന സംഭവത്തില്‍ മൊഹമ്മദ് ദിന്‍ എന്നയാള്‍ക്ക് നേരെ ഭാര്യ ഷമീമാ അക്തറാണ് ആക്രമണം നടത്തിയത്. 

പോലീസ് കോണ്‍സ്റ്റബിളായ മൊഹമ്മദ് ദിന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയാണെന്ന് മനസ്സിലാക്കിയായിരുന്നു ആക്രമണം. പത്തുവര്‍ഷം മുമ്പ് വിവാഹം കഴിച്ച ഇരുവര്‍ക്കും ഒരു മകളുണ്ട്. പിതാവിനെ ആസിഡ് എറിയാന്‍ അമ്മയെ സഹായിച്ചത് മകളും മറ്റു രണ്ടു പേരുമായിരുന്നു. ഭാര്യയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ ശരീരത്തിന്റെ പലയിടങ്ങളിലും മുഹമ്മദ് ദിന് പൊള്ളലേറ്റിട്ടുണ്ട്. 

ഷമീമയ്ക്കും ചെറിയ രീതിയിലുള്ള പൊള്ളലുണ്ട്. രണ്ടുപേരെയും സബ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഭര്‍ത്താവിനെ കത്വയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാളുടെ നില അപകടത്തിലാണ്.