Asianet News MalayalamAsianet News Malayalam

പ്രിയതമയോട് മാത്രം പങ്കിട്ട ആ 'രഹസ്യം' വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിനെ അഴിക്കുള്ളിലാക്കി

ഭര്‍ത്താവിന്റെ ലൈംഗീക താല്‍പര്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ തനിക്ക് സാധിക്കില്ലെന്ന തുറന്ന് പറച്ചിലോടെയാണ് 1995 ല്‍ ഇരുപതോളം സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പൊലിസ് ഇപ്പോഴും തിരയുന്ന പ്രതി ഭര്‍ത്താവാണെന്ന സത്യം കാതറിന്‍ വിശദമാക്കുന്നത്. 

wife gives testimony against husband in serial rape case after more than 20 years
Author
Washington, First Published Dec 18, 2018, 6:24 PM IST

വാഷിങ്ടണ്‍: 1995 നടന്ന ആ സംഭവത്തെക്കുറിച്ച് അയാള്‍ ആദ്യമായി മനസ് തുറക്കുന്നത് 2009ല്‍ ഭാര്യയോടായിരുന്നു. എന്നാല്‍ ആ തുറന്ന് പറച്ചില്‍ അയാളെയെത്തിച്ചത് അഴിക്കുള്ളിലും. അമേരിക്കയിലെ വിര്‍ജീനിയയിലാണ് കോടതിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടന്നത്. മകളെ തനിക്ക് വിട്ടു നല്‍കണമെന്നുമാവശ്യപ്പെട്ടാണ് കാതറിന്‍ ലോവ്ചിക്ക് കോടതിയെ സമീപിക്കുന്നത്. എന്നാല്‍  ഭാര്യയുടെ ആവശ്യം നിരാകരിക്കണമെന്ന ആവശ്യവുമായാണ് ജൂഡ് ലോവ്ചിക്ക് കോടതിയിലെത്തുന്നത്. 

ഭര്‍ത്താവിന്റെ ലൈംഗീക താല്‍പര്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ തനിക്ക് സാധിക്കില്ലെന്ന തുറന്ന് പറച്ചിലോടെയാണ് 1995 ല്‍ ഇരുപതോളം സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പൊലിസ് ഇപ്പോഴും തിരയുന്ന പ്രതി ഭര്‍ത്താവാണെന്ന സത്യം കാതറിന്‍ വിശദമാക്കുന്നത്. ആദ്യം ആരോപണം നിഷേധിച്ചെങ്കിലും പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ ജൂഡ് കുറ്റം സമ്മതിക്കുകയായിരുന്നു. രണ്ടാഴ്ച നീണ്ട വിചാരണയ്ക്കൊടുവിലാണ് ജൂഡിനെ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.

2009 ല്‍ വീട്ടിലെ ശുചിമുറിയില്‍ സൂക്ഷിച്ച കറുത്ത മുഖംമൂടി എടുത്തുകാണിച്ചായിരുന്നു ജൂഡ്  കാതറിനോട് താനാണ് പൊലീസ് പീഡനക്കേസില്‍ തിരയുന്ന കുറ്റവാളിയെന്ന് വെളിപ്പെടുത്തിയത്. വിവാഹ ജീവിതത്തില്‍ ഭര്‍ത്താവില്‍ നിന്ന് കടുത്ത ലൈംഗിക അരാജകത്വമായിരുന്നു നേരിടേണ്ടി വന്നതെന്നും കാതറിന്‍ കോടതിയില്‍ വെളിപ്പെടുത്തി. തലയിലേക്ക് എയര്‍ഗണ്‍ ചൂണ്ടി  ഭീഷണിപ്പെടുത്തി വീട്ടിനുള്ളിൽ കൊണ്ടുപോയി അടുക്കളയിൽ ഒരു കസേരയില്‍ കെട്ടിയിട്ടു, ബലാൽക്കാരമായി പീഡിപ്പിക്കുക പോലുള്ള ക്രൂരമായ രീതിയായിരുന്നു ഇയാള്‍ സ്വീകരിച്ചിരുന്നത്. 

ആറുവര്‍ഷം മാത്രമാണ് ജൂഡിനൊപ്പം താമസിച്ചത്. ദമ്പതികള്‍ക്ക് ഒരു മകള്‍ ഉണ്ടായിട്ടും ജൂഡിന്റെ ഉപദ്രവത്തില്‍ മാറ്റമില്ലാതെ വന്നതോടെയാണ് പിരിയാനുള്ള തീരുമാനം എടുത്തതെന്ന് കാതറിന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കുട്ടിയെ ജൂഡിന് നല്‍കാനായിരുന്നു വിവാഹമോചനം അനുവദിച്ച കോടതിയുടെ തീരുമാനം. കുഞ്ഞിന്റെ തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് കാതറിന്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. 

കുഞ്ഞിന് വേണ്ടിയുള്ള വാദത്തിനിടെ മകള്‍ ജൂഡിന്റെ അടുത്ത് സുരക്ഷിതയല്ലെന്ന് തെളിയിക്കുന്നതിനായാണ് കാതറിന്‍ തൊണ്ണൂറുകളുടെ മധ്യത്തോടെ വിര്‍ജീനിയയെ ഞെട്ടിച്ച ബലാത്സംഗത്തിന്റെ വിവരങ്ങള്‍ തുറന്ന് പറഞ്ഞത്. വിര്‍ജീനിയയിലെ ഫെയര്‍ ഫാക്സ്, പ്രിന്‍സ് വില്യം മേഖലകളിലായി നടന്ന 50ഓളം ക്രൂര പീഡനത്തിലെ പ്രതിയാണ് മുന്‍ഭര്‍ത്താവെന്ന കാതറിന്റെ തുറന്നുപറച്ചില്‍ ഞെട്ടലോടെയാണ് കോടതി കേട്ടത്. 

ഫെയര്‍ഫാക്സ് മേഖലയിലേക്ക് താമസം മാറി വന്ന ഇരുപത് വയസ് പ്രായമുള്ളവരെയായിരുന്നു ജൂഡ്  പീഡിപ്പിച്ചിരുന്നത്. തുടര്‍ച്ചയായി നടന്ന പീഡനങ്ങളിലെ പ്രതിയെ കുറിച്ച് പൊലിസിന് സൂചനകള്‍ ഒന്നും ലഭിച്ചിരുന്നില്ല. 1995 ൽ റസ്റ്റന്‍ അപ്പാര്‍ട്ട്‌മെന്റിലെ നാലു യുവതികളാണ് ലൈംഗിക ചൂഷണത്തിനു വിധേയരായത്. കാതറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ ശാസ്ത്രീയമായ അന്വേഷണം നടന്നു. സംഭവത്തില്‍ ജൂഡ‍് കുറ്റക്കാരനാണെന്നു കണ്ടെത്തിയ അന്വേഷണസംഘം ഇയാളെ കഴിഞ്ഞവര്‍ഷം അറസ്റ്റ് ചെയ്തു. ഈ കേസില്‍ മാത്രമായിരുന്നു ആദ്യം കുറ്റം ചുമത്തിയത്. വിവാഹമോചന ഹര്‍ജിയുടെ തുടര്‍വിചാരണയ്ക്കിടെയാണു മുന്‍ പങ്കാളിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ കാതറിന്‍ തയാറായത്. ഫെയർഫാക്സ് സർക്യൂട്ട് കോടതി ഇന്ന് കേസിൽ ജൂഡിനു ശിക്ഷ വിധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
 

Follow Us:
Download App:
  • android
  • ios