കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നത്.എന്നാൽ പൊലീസ് കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചില്ല.
അഹമ്മദാബാദ്: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട് നിയമപോരാട്ടത്തിന് പിന്തുണ അഭ്യർത്ഥിച്ച് രംഗത്ത്. ഇരുപത്തിരണ്ടു വർഷം പഴക്കമുള്ള കേസിൽ ജയിലിൽ അടയ്ക്കപ്പെട്ട ഭര്‍ത്താവിനെ പുറത്തിറക്കാനാണ് ശ്വേതയുടെ ശ്രമം. പ്രധാനമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ പൊലീസിനെയും ജുഡീഷ്യറിയേയും കൂട്ടുപിടിച്ച് സർക്കാർ അദ്ദേഹത്തോട് പകപോക്കുകയാണെന്ന് ശ്വേത ഭട്ട് ആരോപിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു ശ്വേതയുടെ ആരോപണം.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നത്.എന്നാൽ പൊലീസ് കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചില്ല. തുടർന്ന് സഞ്ജീവിനെ രണ്ടാഴ്ച്ചത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. ഇതിനിടെയാണ് പിന്തുണ വേണമെന്നഭ്യർത്ഥിച്ചു കൊണ്ട് ശ്വേത രംഗത്തെത്തിരിക്കുന്നത്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ കനത്ത പോരാട്ടമാണിത്. നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും എന്നെത്തേക്കാളും കൂടുതൽ ആവശ്യമുള്ളത് ഇപ്പോഴാണെന്നും എങ്കിൽ മാത്രമേ അദ്ദേഹത്തെ ജയിൽ മോചിതമാക്കാൻ കഴിയൂ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഇപ്പോൾ സഞ്ജീവ് ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ ഗാന്ധിജിയുടെ ഒരു വാചകം അദ്ദേഹം ഉദ്ധരിക്കുമെന്ന് എനിക്കുറപ്പുണ്ട്. ആ വാചകം ഇതിന് മുമ്പ് പ്രതിസന്ധികളിൽ അദ്ദേഹത്തിന് ശക്തി നൽകിട്ടുണ്ടെന്ന് പറഞ്ഞ് ശ്വേത ഇങ്ങനെ കുറിച്ചു; നിരാശനാകുമ്പോൾ നിങ്ങൾ ചരിത്രത്തിന്റെ വഴികളിലേക്ക് നോക്കുക. ആ വഴികളിലൂടെ അക്രമികളും കൊലപാതകികളും നടന്നിട്ടുണ്ട്. ഏകാധിപതികളും കൊലയാളികളും എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. ഒരുസമയത്ത് അവര്‍ അജയ്യരാണെന്ന് തോന്നും. പക്ഷേ അവസാനം അവര്‍ തകരുക തന്നെ ചെയ്യും.’
2002ലെ ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന തരത്തിൽ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയത് ഭട്ടായിരുന്നു. മോദി സർക്കാരിനെതിരെ കടുത്തവിമർശനം ഉന്നയിക്കുന്ന വ്യക്തികൂടിയായ അദ്ദേഹത്തെ, 2015ൽ പൊലീസ് സേനയിൽനിന്ന് പിരിച്ചു വിട്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ അനുയായികളുള്ള ഭട്ട് നിരന്തരം ബിജെപി കേന്ദ്രങ്ങളെ വിമര്‍ശിക്കുന്നയാളാണ്.
