പാലക്കാട്: ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ കാട്ടാനകളുടെയും, വന്യമൃഗങ്ങളുടെയും ആക്രമണം പതിവാകുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ ലക്ഷകണക്കിന് രൂപയുടെ കൃഷിനാശമാണ് മുണ്ടൂര്‍ കൊട്ടേക്കാട് പ്രദേശങ്ങളില്‍ ഉണ്ടായിട്ടുള്ളത്.

കര്‍ഷകരുടെയും മലയോര നിവാസികളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് വൈദ്യുതി കമ്പിവേലികളും, വലിയ കിടങ്ങുകളും സ്ഥാപിച്ചുനല്‍കാമെന്ന വാഗ്ദാനം ഇവര്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനകളെ ഓടിക്കാന്‍ പടക്കംപൊട്ടിക്കുക മാത്രമാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് മുന്നിലുള്ള വഴി. സമീപത്ത് റെയില്‍വേ ട്രാക്കുള്ളതിനാല്‍ വന്യമൃഗങ്ങളെ ഓടിക്കുമ്പോള്‍ സൂക്ഷിക്കുകയും വേണം.

കര്‍ഷകര്‍ സ്വയം പണപ്പിരിവ് നടത്തി വൈദ്യുതവേലി സ്ഥാപിച്ചിരിക്കുകയാണ് ചിലയിടങ്ങളില്‍. കൊട്ടേക്കാട് മുണ്ടൂര്‍ തൊട്ട് കഞ്ചിക്കോട് വരെയുള്ള പ്രദേശങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം.