തൃശൂര്‍: ലാലൂരില്‍ ഇറങ്ങിയ അജ്ഞാത വന്യജീവി പുലിയല്ലെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. രണ്ടര അടി ഉയരമുള്ള ജീവിയെ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് ജീവി പുലിയല്ലെന്നും പോക്കാന്‍ പൂച്ചയാണെന്നും വ്യക്തമായത്. ഇന്നു രാവിലെ എത്തിയ വനംവകുപ്പ് അധികൃതര്‍ വന്യജീവിയുടെ കാല്‍പാദങ്ങള്‍ പതിഞ്ഞ സ്ഥലത്തും കോഴിയേയു പൂച്ചയേയും പിടികൂടി തിന്ന സ്ഥലത്തും സൂക്ഷമപരിശോധന നടത്തി. 

കാര്യാട്ടുകരക്കാരന്‍ വീട്ടില്‍ പ്രഭുദാസിന്റെ വീട്ടുവളപ്പിലെ കോഴിക്കൂട് പൊളിച്ച് അകത്തുണ്ടായിരുന്ന കോഴികളെയും പ്രദേശത്തെ വളര്‍ത്തു മൃഗങ്ങളെയും അജ്ഞാത ജീവി കൊന്നു തിന്നിരുന്നു.

കഴിഞ്ഞ ദിവസം പുലിയെപ്പോലുള്ള ജീവിയെ കണ്ടെന്ന നാട്ടുകാരുടെ പരാതിയിലാണ് ലാലൂര്‍ ഡിവിഷന്‍ കോര്‍പറേഷന്‍ കൗണ്‍സിലറും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷയുമായ ലാലി ജയിംസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തിയത്. 

വന്യജീവിയെ പിടികൂടാനുള്ള കൂടോ കെണിയോ തങ്ങള്‍ക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍തന്നെ കൂട് സംഘടിപ്പിച്ച് സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ നഗരവാസികള്‍ക്കു ഭീഷണിയായ വന്യജീവിയെ പിടികൂടി കാട്ടിലേക്കു തുറന്നുവിടാന്‍ സൗകര്യമൊരുക്കാമെന്നു വനംവകുപ്പ് അധികാരികള്‍ ഉറപ്പു നല്‍കി.