മൂന്നാര്‍: ആനയിറങ്കലിന് സമീപം തോട്ടം തൊഴിലാളിയായ യുവാവിനെ കാട്ടാനയാക്രമിച്ചു. ആനയിറങ്കല്‍ സ്വദേശി കണ്ണനെ (36) യാണ് ഒറ്റയാന്‍ തുമ്പിക്കെകൊണ്ട് അടിച്ചുവീഴ്ത്തിയത്. ആനയിറങ്കലില്‍ നിന്നും പൂപ്പാറയിലെ ജോലി സ്ഥലത്തേക്ക് ഓട്ടോയില്‍ പോകുമ്പോള്‍ ഒറ്റയാന്‍ റോഡിന് നടുവില്‍ നില്‍ക്കുകയായിരുന്നു. കനത്ത മൂടല്‍ മഞ്ഞായിരുന്നതിനാല്‍ ഓട്ടോയിലുണ്ടായിരുന്നവര്‍ ഒറ്റയാനെ അടുത്തെത്തിയപ്പോള്‍ മാത്രമാണ് കണ്ടത്.
ഓട്ടോയുടെ അടുത്തേക്ക് ഒറ്റയാന്‍ പാഞ്ഞെത്തിയതോടെ കണ്ണനും കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ പത്മനാഭന്‍, ശക്തി എന്നിവരും ഓട്ടോയില്‍ നിന്നും ഇറങ്ങിയോടി. കണ്ണന്റെ പിന്നാലെയെത്തിയ ഒറ്റയാന്‍ തുമ്പിക്കൈ കൊണ്ട് അടിച്ചു. ദൂരേക്ക് തെറിച്ച് വീണ കണ്ണന്‍ വീണ്ടും എഴുന്നേറ്റ് ഓടിയതിനാല്‍ തലനാരിഴയ്ക്ക് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.
നട്ടെല്ലിനും വലത് കാലിനും പരുക്കേറ്റ കണ്ണനെ പിന്നാലെയെത്തിയ വാഹനത്തിലെ യാത്രക്കാര്‍ ബോഡിനായ്ക്കന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ പന്നിയാറിന് സമീപം മൂന്ന് തൊഴിലാളി ലയങ്ങളും കാട്ടാന നശിപ്പിച്ചിരുന്നു. കാട്ടാനയെത്തിയതറിഞ്ഞ് ഇവിടത്തെ താമസക്കാരായ തൊഴിലാളികള്‍ ബന്ധുവീടുകളിലേക്ക് മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി.
