വടക്കനാട് കൊമ്പനെ പിടികൂടാന്‍ കെണിയൊരുങ്ങുന്നു ആനപ്പന്തിയുടെ നിര്‍മാണം തുടങ്ങി

വയനാട്: രണ്ടുപേരുടെ ജീവനെടുക്കുകയും നിരവധി പേരുടെ കൃഷിയിടങ്ങളും വിളകളും നശിപ്പിക്കുകയും ചെയ്ത വടക്കനാട് കൊമ്പനെ പിടികൂടാനുള്ള ഒരുക്കം വനംവകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങി. സുല്‍ത്താന്‍ബത്തേരി, മുത്തങ്ങ പ്രദേശങ്ങളിലെ പേടി സ്വപ്‌നമാണ് ഈ കൊമ്പന്‍. ആനയെ പിടികൂടി പാര്‍പ്പിക്കാനുള്ള പന്തിയുടെ നിര്‍മാണം മുത്തങ്ങയില്‍ നടന്നുവരികയാണ്. 15 അടി നീളത്തിലും വീതിയിലും മരത്തിലാണ് കൂട് തീര്‍ക്കുന്നത്. 

പിടികൂടി കൂട്ടിലാക്കുമ്പോള്‍ ആനക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ ചതയുന്ന മരമായ യൂക്കാലിയാണ് പന്തിനിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഇതിനായുള്ള മരങ്ങള്‍ കണ്ടെത്തി മുറിച്ചു കഴിഞ്ഞു. മുതുമലയില്‍ ആനപാപ്പാന്‍ കുമാരന്റെ നേതൃത്വത്തിലാണ് കൂട് നിര്‍മാണം പുരോഗമിക്കുന്നത്. സാമാന്യം നീളമുള്ള പന്തിക്കിടയില്‍ ആനക്ക് അനങ്ങാതെ നില്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള ചെറിയ ബ്ലോക്കുകള്‍ ഉണ്ടാക്കി മെരുക്കുകയാണ് ചെയ്യുക. 

വടക്കാനാട് പ്രദേശത്ത് മാസങ്ങളായി തമ്പടിച്ച് രാത്രിയായാല്‍ കൃഷിയിടങ്ങളിലെത്തുന്നതായിരുന്നു ആനയുടെ പതിവ്. ശല്യം സഹിക്കാതെ വന്നപ്പോള്‍ വടക്കനാട് പ്രദേശത്തെ ജനങ്ങള്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലടക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. സമരം ശക്തമായപ്പോള്‍ വനംവകുപ്പ് ആനയെ മുതുമല ഭാഗത്തേക്ക് തുരത്തിയിരുന്നു. 

എന്നാല്‍ ഉള്‍ക്കാട്ടില്‍ നിന്നും തിരിച്ചിറങ്ങിയ ആന കഴിഞ്ഞ ദിവസം പൊന്‍കുഴിയില്‍ 11കാരനെ കൊലപ്പെടുത്തിയതോടെ ജനരോഷം പിന്നെയും അണപൊട്ടി. റോഡ് ഉപരോധും ഹര്‍ത്താല്‍ പ്രഖ്യാപനവും വരെ നടത്തിയ പശ്ചാത്തലത്തിലാണ് ആനയെ പിടികൂടാന്‍ അധികൃതര്‍ ഉത്തരവിറക്കിയത്.