വയനാട്: പുല്‍പ്പള്ളി ചാമപ്പാറയിലും വേലിയമ്പത്തും ലക്ഷങ്ങളുടെ കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. ചാമപ്പാറ പുത്തന്‍പറമ്പില്‍ സ്‌റ്റൈജു, ഈയാഴില്‍ ശാന്ത, കോടിക്കുളത്ത് തങ്കച്ചന്‍, തടത്തില്‍ സുരേഷ്, വണ്ടാനക്കര വര്‍ക്കി, തൈപ്പറമ്പില്‍ വാസു, ഓലപ്പുര സതീഷ് എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. ഇവരില്‍ സ്‌റ്റൈജു അടക്കമുള്ള ഏതാനും പേര്‍ ചാമപ്പാറ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറിക്കിയിരിക്കുന്നത്. ഇവരുടെ മാത്രം ഒന്നര ലക്ഷത്തോളം രൂപയുടെ വാഴക്കൃഷി നശിച്ചിട്ടുണ്ട്. 

പുരയിടങ്ങളിലും കാട്ടാനകളെത്തി നാശം വരുത്തി. തെങ്ങുകള്‍ മറിച്ചിട്ടും കവുക് അടക്കമുള്ളവ ഒടിച്ചും നശിപ്പിച്ചിട്ടുണ്ട്. പുലര്‍ച്ചെ നാലുമണിയോടെ ഇറങ്ങിയ ആനകള്‍ പകല്‍വെളിച്ചമെത്തിയതോടെയാണ് തിരിച്ച് കാടുകളിലേക്ക് കയറിയതെന്ന് കര്‍ഷകര്‍ പറഞ്ഞു. കര്‍ണാടക വനത്തില്‍ നിന്നെത്തിയ ആനകള്‍ കേരള വനവകുപ്പ് സ്ഥാപിച്ച വൈദ്യുത വേലി തകര്‍ത്താണ് ജനവാസമേഖലയിലേക്കെത്തിയത്. അതേ സമയം ഈ പ്രദേത്തെ ഫോറസ്റ്റ് വാച്ചര്‍മാര്‍ വൈദ്യുത വേലി ചാര്‍ജ് ചെയ്യാന്‍ മറന്നു പോയതാണ് ആനകളെത്താന്‍ കാരണമെന്ന് കര്‍ഷകര്‍ ആരോപിച്ചു. 

വാച്ചര്‍മാര്‍ക്ക് വേതനം മുടങ്ങിയതിനാല്‍ പല ദിവസങ്ങളിലും രാത്രി കാവലിന് ഇവര്‍ എത്താറില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. കടുവകള്‍ കൂടുതലുള്ള പ്രദേശമായിട്ടും വാച്ചര്‍മാര്‍ക്ക് ടോര്‍ച്ച് പോലും വനംവകുപ്പ് അനുവദിച്ചിട്ടില്ലത്രേ. കടുവയെ തുരത്താന്‍ പകല്‍ സമയങ്ങളില്‍ പോലും വൈദ്യുതി വേലി ചാര്‍ജ് ചെയ്യുന്ന പ്രദേശമാണ് ചാമപ്പാറ. കൃഷിനാശമുണ്ടായ പ്രദേശങ്ങള്‍ വനവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ നാലുവര്‍ഷം മുമ്പ് കൃഷിനാശമുണ്ടായവര്‍ക്ക് പോലും ഇതുവരെ വനംവകുപ്പ് ഒരു രൂപ പോലും നഷ്ടപരിഹാരം അനുവദിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു.