Asianet News MalayalamAsianet News Malayalam

കോട്ടനാട് 46 ല്‍ കാട്ടാനക്കൂട്ടമിറങ്ങി;  കാടുകയറാതെ നിലയുറപ്പിച്ച് കാട്ടാനക്കൂട്ടം

  • എട്ട് ആനകള്‍ മൂന്നുസംഘങ്ങളായി തിരിഞ്ഞ് ഈ പ്രദേശങ്ങളില്‍ ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറഞ്ഞു. 
wild elephants in kottanad town

വയനാട്: ചുണ്ട-മേപ്പാടി-ഊട്ടി റോഡിലെ കോട്ടാന നാല്‍പ്പത്താറില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടമിറങ്ങുന്നത് പതിവായി. ജനവാസ പ്രദേശങ്ങളില്‍ കൂട്ടാമായെത്തുമെങ്കിലും ആളുകള്‍ ഒച്ചവെക്കുന്നതോടെ ഇവ ചിതറിയോടി പല വഴിക്കായി നീങ്ങുകയാണ്. പുലര്‍നേരങ്ങളിലും വൈകുന്നേരം ആറുമണിക്ക് ശേഷവുമാണ് ആനകളെത്തുന്നത്. ഇത് കാരണം ജോലിക്കുപോകുന്നവര്‍ക്കും സ്കൂളില്‍ പോകുന്നവര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. 

കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ കാപ്പിക്കാട് വിനുവിന്റെ വീടിന് സമീപമാണ് ആനക്കൂട്ടത്തെ കണ്ടത്. ആളുകള്‍ പുറത്തിറങ്ങിയതോടെ കൂട്ടം തെറ്റി മൂന്നാനകള്‍ അപകടകരമാം വിധം വീടുകള്‍ക്ക് സമീപം നിലയുറപ്പിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.  വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നാട്ടുകാരുടെ സഹായത്തോടെ ആനക്കൂട്ടത്തെ കാട്ടിനുള്ളിലേക്ക് കയറ്റാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 

കാട്ടിനുള്ളിലേക്ക് പോയെന്ന് കരുതിയ ആനക്കൂട്ടത്തെ പുലര്‍ച്ചെ മൂന്നുമണിയോടെ പാലവയലില്‍ തിരിച്ചെത്തി. തുടര്‍ന്ന് കോട്ടനാട് എസ്‌റ്റേറ്റിലേക്ക് കയറി അവിടെ നിലയുറപ്പിച്ചു. ആനകള്‍ റോഡിലിറങ്ങാതിരിക്കാന്‍ വനപാലകരും നാട്ടുകാരും മണിക്കൂറുകളോളം കാവലിരുന്നു. ഇപ്പോഴും കാവല്‍ തുടരുകയാണ്. എട്ട് ആനകള്‍ മൂന്നുസംഘങ്ങളായി തിരിഞ്ഞ് ഈ പ്രദേശങ്ങളില്‍ ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറഞ്ഞു.  കൂട്ടമായെത്തിയവ ഒരുമിച്ച് ചേര്‍ന്ന് മാത്രമേ കാട്ടിലേക്ക് കയറാന്‍ സാധ്യതയുള്ളൂവെന്നാണ് വനപാലകര്‍ പറയുന്നത്. 

സാധാരണഗതിയില്‍ വേനല്‍ കനക്കുമ്പോഴാണ് മൃഗങ്ങള്‍ കാട് വിട്ടിറങ്ങുന്നത്. എന്നാല്‍ ഈവര്‍ഷം നേരത്തെ മഴപൊയ്തതിനാല്‍ ഉള്‍ക്കാടുകളില്‍ ജലവിതാനം ഉയര്‍ന്നു. കാടിനകം പച്ചപ്പണിഞ്ഞു. തടാകങ്ങളും അരുവികളും ഏറെക്കുറെ നിറഞ്ഞു. എങ്കിലും വയനാട്ടില്‍ പലയിടങ്ങളിലും വന്യമൃഗങ്ങള്‍ ജനവാസ പ്രദേശങ്ങളിലേക്കെത്തുന്നതിന് അറുതിയായിട്ടില്ല.

ചക്ക പഴുക്കുന്നത് വ്യാപകമായതോടെ ഇത് ഭക്ഷിക്കാനാണ് ഇപ്പോള്‍ ആനകളുടെ വരവ്. ചെറിയ തെങ്ങുകളും വാഴകളും നശിപ്പിക്കുന്നതും വ്യപകമാണ്. വേനലില്‍ കുടിവെള്ളത്തിനായി മൃഗങ്ങള്‍ കാടിറങ്ങുകയാണെന്നായിരുന്നു അധികൃതരുടെ ഇതുവരെയുള്ള വിശദീകരണം. കടുത്ത വന്യമൃഗശല്യം കാരണം വടക്കനാട് അടക്കമുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ സമരത്തിനൊരുങ്ങുകയാണ്. 

Follow Us:
Download App:
  • android
  • ios