ഇടുക്കി: രാഷ്ട്രീയ നേതാക്കള്‍ വനഭൂമി കൈയ്യേറിയ സംഭവുമായി ബന്ധപ്പെട്ട് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വീണ്ടും വട്ടവട സന്ദര്‍ശിക്കും. രാഷ്ട്രീയ നേതാക്കള്‍ വ്യാജ പട്ടയങ്ങളുണ്ടാക്കി കൈയ്യടക്കിവെച്ചിരിക്കുന്ന കടവരി, കൊട്ടാക്കമ്പൂര്‍ മേഖലകളാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷമി സന്ദര്‍ശിക്കുന്നത്. 

വ്യാഴാഴ്ച പുലര്‍ച്ചെ വട്ടവടയിലെത്തുന്ന അവര്‍ നിലവിലെ സ്ഥിഗതികള്‍ വിലയിരുത്തുകയും സന്ദര്‍ശന റിപ്പോര്‍ട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും ചെയ്യും. ബുധനാഴ്ച ഇരവികുളം ദേശീയോദ്യാനത്തിന്റെ മതികെട്ടാന്‍ ചോലയടക്കം സന്ദര്‍ശിച്ച വാര്‍ഡന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് വീണ്ടും വട്ടവടയിലെ വിവാദ ഭൂമിയിലെത്തുന്നത്. 

വട്ടവടയിലെ നീലകുറിഞ്ഞി ദേശീയോദ്യാനം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പിനെതിരെ ആക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യം ഒഴിവാക്കുകയുമാണ് അധിക്യതുടെ ലക്ഷ്യം. ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി റവന്യു -വനംവകുപ്പുകള്‍ വാക്പോര് മുറുകുന്നുണ്ടെങ്കിലും ഭൂമികള്‍ സംരക്ഷിക്കുന്നതിനോ വനംവകുപ്പിന് കൈമാറുന്നതിനോ റവന്യുവകുപ്പ് തയ്യറായില്ല. 

പ്രകൃതിക്ഷോപത്തിന്റെ മറവില്‍ വിവാദ ഭൂമികള്‍ സംരക്ഷിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ രാത്രികാലങ്ങളില്‍ ഇവിടെ എത്താറുള്ളതായി വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ഭൂമി സംരക്ഷിക്കാന്‍ സ്പെഷ്യല്‍ സംഘത്തിനെ വര്‍ഡന്‍ നിയോഗിച്ചിട്ടുണ്ട്. റവന്യു-പോലീസ് വകുപ്പുകള്‍ ജില്ലയുടെ എം.പിയെ സംരക്ഷിക്കാന്‍ വേണ്ടി നടത്തുന്ന നീക്കങ്ങള്‍ക്ക് വനംവകുപ്പിന്റെ ഇടപെടല്‍ തിരിച്ചടിയാവും.