ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റ പ്രവര്‍ത്തനം സി.പി.ഐ വിലയിരുത്തുമെന്ന് കാനം രാജേന്ദ്രന്‍. ഇടത് മുന്നണിയില്‍ സി.പി.എം ഏകപക്ഷീയമായാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന അഭിപ്രായം സി.പി.ഐയ്‌ക്ക് ഇല്ലെന്നും കാനം പറഞ്ഞു. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് യോഗം ദില്ലിയില്‍ തുടങ്ങി.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നും പല വകുപ്പുകളും അനാവശ്യ വിവാദങ്ങള്‍ക്ക് പുറകെ പോകുകയാണെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലെ വിമര്‍ശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ വിലയിരുത്താനായിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. മുന്നണിയില്‍ സിപിഎം ഏകപക്ഷീയമായാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന അഭിപ്രായം സിപിഐയ്‌ക്കില്ലെന്നും കാനം വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉടലെടുത്ത രാഷ്‌ട്രീയ സംഭവ വികാസങ്ങളും,ദേശീയ തലത്തില്‍ മതേതര ജനാധിപത്യചേരിയുടെ സാധ്യതകളും ചര്‍ച്ചചെയ്യാന്‍ സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് യോഗം ദില്ലിയില്‍ ചേരുകയാണ്. രണ്ട് ദിവസത്തെ ദേശീയ എക്‌സിക്യൂട്ടീവാണ് ചേരുന്നത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന ജാതിവിവേചനം, കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ തുടങ്ങിയ കാര്യങ്ങളും കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങളും ചര്‍ച്ചയാകും.
