രാജ്യത്തെ കർഷകർ, നെയ്ത്തുകാർ, മത്സ്യ തൊഴിലാളികൾ എന്നിവർ അനുഭവിക്കുന്ന ദുരവസ്ഥകളാണ് തന്നെ രാഷ്ട്രീയത്തിൽ ഇറങ്ങാൻ പ്രേരിപ്പിച്ചതെന്ന് ലക്ഷ്മി നാരായണ മാധ്യമങ്ങളോട് പറഞ്ഞു. നമ്മുടെ ഗ്രാമങ്ങളിലെ ആ പഴയ പ്രൗഢിയും ഭംഗിയും ഐശ്വര്യവുമെല്ലാം തിരികെ കൊണ്ടുവരാൻ ഓരോരുത്തർക്കും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുപ്പതി: മുന്‍ സിബിഐ ജോയിന്റ് ഡയറക്ടര്‍ വി.വി. ലക്ഷ്മിനാരായണ രാഷ്ട്രീയത്തിലേക്ക്. താന്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയോ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

1990 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് ലക്ഷ്മി നാരായണ. അദ്ദേഹത്തിന്റെ അന്വേഷണ ചരിത്രത്തിലെ നാഴിക കല്ലുകളില്‍ ഒന്നായിരുന്നു സത്യം അഴിമതി കേസ്. കഴിഞ്ഞ മാർച്ച് മാസം അദ്ദേഹം സ്വമേധയ ജോലിയിൽ നിന്ന് വിരമിച്ചു. രാജ്യത്തെ കർഷകർ, നെയ്ത്തുകാർ, മത്സ്യ തൊഴിലാളികൾ എന്നിവർ അനുഭവിക്കുന്ന ദുരവസ്ഥകളാണ് തന്നെ രാഷ്ട്രീയത്തിൽ ഇറങ്ങാൻ പ്രേരിപ്പിച്ചതെന്ന് ലക്ഷ്മി നാരായണ മാധ്യമങ്ങളോട് പറഞ്ഞു. നമ്മുടെ ഗ്രാമങ്ങളിലെ ആ പഴയ പ്രൗഢിയും ഭംഗിയും ഐശ്വര്യവുമെല്ലാം തിരികെ കൊണ്ടുവരാൻ ഓരോരുത്തർക്കും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, താൻ സംസ്ഥാനത്തെ 13 ജില്ലകളിലുള്ള ഗ്രാമങ്ങളിൽ സന്ദർശനം നടത്തി കർഷകരോട് സംസാരിച്ച് ജനകീയ പ്രകടപത്രികള്‍ക്ക് രൂപം നല്‍കിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഉടൻ തന്നെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് സമര്‍പ്പിക്കും. ഗ്രാമങ്ങളുടെ വികസന പ്രകടനപത്രികകള്‍ നടപ്പിലാക്കാൻ വേണ്ടിയാകും തന്റെ ഇനിയുള്ള പ്രവര്‍ത്തനമെന്നും ലക്ഷ്മിനാരായണ വ്യക്തമാക്കി.

രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തികത്തട്ടിപ്പുകളില്‍ ഒന്നാണ് സത്യം കംപ്യൂട്ടര്‍ സര്‍വീസസ് ലിമിറ്റഡ് തട്ടിപ്പുകേസ്. സത്യം കംപ്യൂട്ടര്‍ സ്ഥാപകനും ചെയര്‍മാനുമായിരുന്ന ബി രാമലിംഗരാജു, സഹോദരനും സത്യം എംഡിയുമായിരുന്ന ബി രാമരാജു, സിഎഫ്ഒ വദ്ലമണി ശ്രീനിവാസ്, ഓഡിറ്റര്‍മാരായിരുന്ന സുബ്രഹ്മണി ഗോപാലകൃഷ്ണന്‍, ബി സൂര്യനാരായണ രാജു, ജീവനക്കാരായിരുന്ന ജി രാമകൃഷ്ണ, ഡി വെങ്കടപതിരാജു, ശ്രീശൈലം, വി എസ് പ്രഭാകര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2015 ഏപ്രിൽ ഒമ്പതിന് രാമലിംഗ രാജുവും മറ്റ് ഒൻപത് പേരും സത്യം കുംഭകോണത്തിൽ കുറ്റക്കാരാണെന്ന് പ്രഖ്യാപിച്ചു. ഈ കേസിൽ നിർണ്ണായക പങ്ക് വഹിച്ച അന്വേഷണ ഉദ്യോഗസ്ഥനാണ് ലക്ഷ്മിനാരായണ.