Asianet News MalayalamAsianet News Malayalam

ശബരിമല ഓര്‍ഡിനന്‍സ്: സുപ്രീംകോടതി തീരുമാനത്തിന് ശേഷം പരിഗണിക്കാമെന്ന് കേന്ദ്രം

 

പാർലമെന്‍റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ശബരിമല വിഷയമുയർത്തി. ബിജെപി എംപിമാരുടെ പ്രതിഷേധം. കേരളത്തിൽ ക്രമസമാധാനനില തകർന്നെന്ന് പ്രകാശ് ജാവദേക്കർ ഏഷ്യാനെറ്റ് ന്യൂസിനോട്.

will only consider chances of ordinance in sabarimala after supreme courts decision in review pleas
Author
New Delhi, First Published Jan 7, 2019, 11:31 AM IST

ദില്ലി: ശബരിമല യുവതീപ്രവേശനത്തെത്തുടർന്ന് കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് ആരോപിച്ച് പാർലമെന്‍റിൽ ബിജെപി എംപിമാരുടെ പ്രതിഷേധം. പാർലമെന്‍റ് സമ്മേളിക്കുന്നതിന് മുമ്പ് രാവിലെ 10 മണിയോടെ ഗാന്ധിപ്രതിമയ്ക്ക് മുന്നിലായിരുന്നു നൂറോളം ബിജെപി എംപിമാരുടെ പ്രതിഷേധം. കേന്ദ്രമന്ത്രിമാരും പ്രതിഷേധത്തിനെത്തി.

ബിജെപി രാജ്യസഭാ എംപി വി മുരളീധരന്‍റെ വീടിന് നേരെ നടന്ന ആക്രമണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനപ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണം, കേരളത്തിൽ ക്രമസമാധാനം തകർന്നു എന്നീ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളുമായാണ് എംപിമാർ അണിനിരന്നത്. 

ഭരണഘടനയ്ക്കുള്ളിൽ നിന്ന് ശബരിമല വിഷയത്തിൽ ഇടപെടുമെന്നാണ് നേരത്തെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നത്. എന്ത് ഇടപെടലാണ് നടത്തുകയെന്ന ചോദ്യത്തിന്, കേരളത്തോട് ക്രമസമാധാനനില സംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അത് കിട്ടിയ ശേഷം തീരുമാനമെടുക്കാമെന്നുമാണ് ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

അക്രമം അവസാനിപ്പിക്കാനുള്ള നിർദേശം നൽകാൻ കേന്ദ്രസർക്കാരിന് കഴിയും. ഭരണഘടനയ്ക്കകത്തു നിന്നുകൊണ്ട് അത്തരമൊരു സന്ദേശം കേരളത്തിന് നൽകിയേക്കും എന്നാണ് സൂചന. 

ഇന്ന് ഇരുസഭകളിലും ബിജെപി ശബരിമല വിഷയം ഉന്നയിക്കും. എന്നാൽ കേരളത്തെ കേന്ദ്രം ഭീഷണിപ്പെടുത്തുന്നു എന്ന് കാട്ടി സിപിഎമ്മും ഇന്ന് ലോക്സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. സിപിഎം എംപി എ സമ്പത്താണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ഓർഡിനൻസിൽ കോടതി തീരുമാനത്തിന് ശേഷം ആലോചന

ശബരിമല വിഷയത്തിൽ ഓർഡിനൻസ് കൊണ്ടുവരുന്ന കാര്യം സുപ്രീംകോടതി പുനഃപരിശോധനാഹർജികൾ പരിഗണിച്ച് തീരുമാനിക്കാമെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios