മാണ്ഡ്യ: കാവേരി നദിയിലെ അണക്കെട്ടുകളിൽ നിന്നും കുടിവെള്ള ആവശ്യത്തിന് മാത്രമെ വെള്ളം നൽകൂ എന്ന് കർണാടകം പ്രമേയം പാസാക്കിയതോടെ പാണ്ഡവ പുരയിലെ കർഷകരെല്ലാം ആശങ്കയിലാണ്. മുളച്ചു പൊന്തിയ നെല്ലും പച്ചക്കറിയുമെല്ലാം ഉണങ്ങിക്കരിഞ്ഞാൽ ആത്മഹത്യയല്ലാതെ മറ്റ് വഴി മുന്നിലില്ലെന്ന് പാണ്ഡവ പുരക്കാർ പറയുന്നു.

ചെൽവ രാജു തന്‍റെ നെൽപാടത്തുള്ള കളകൾ നീക്കുകയാണ്. കൃഷ്ണരാജ സാഗർ അണക്കെട്ടിൽ നിന്നുള്ള കാവേരി നദീ ജലം പ്രതീക്ഷിച്ചാണ് ചെൽവരാജ് തന്റെ പാടത്ത് കൃഷിയിറക്കിയത്. മഴ ചതിച്ചെങ്കിലും പാടത്ത് കാവേരി വെള്ളമെത്തുമെന്നായിരുന്നു ഇതുവരെയുള്ള പ്രതീക്ഷ.. എന്നാൽ കാവേരിയിൽ നിന്ന് ഇനി കുടിവെള്ളം മാത്രമെ നൽകൂ എന്ന വാർത്ത ഏറെ ആശങ്കയോടെയാണ് ഈ കർഷകൻ നോക്കികാണുന്നത്.

മാണ്ഡ്യയുടെ പല ഭാഗത്തും ഉഴുതുമറിച്ചിട്ട പാടങ്ങളിൽ കർഷകർ വിത്തിറക്കിയിട്ടില്ല. മഴ പെയ്തില്ലെങ്കിൽ എങ്ങനെ മുന്നോട്ടുപോകുമെന്ന കാര്യത്തിൽ ഇന്നാട്ടുകാർക്ക് ഒരു എത്തും പിടിയുമില്ല.