മഹാത്മ ഗാന്ധിയെയും  നെഹ്റുവിനെയും മറ്റും ജയിലില്‍ അടച്ച അതേ അവസ്ഥ തന്നെയാണ് നിലവില്‍ ഇന്ത്യയിലെ ജയിലുകളില്‍ ഉള്ളത്

ലണ്ടന്‍: ഇന്ത്യന്‍ ജയിലുകളുടെ അവസ്ഥ തിരക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് നരേന്ദ്രമോദി. ഇന്ത്യയിലെ ജയിലുകളിലെ ശോചനീയാവസ്ഥയെക്കുറിച്ച് ചൂണ്ടിക്കാണിച്ചപ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. മഹാത്മ ഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്റുവിനെയും മറ്റും ജയിലില്‍ അടച്ച അതേ അവസ്ഥ തന്നെയാണ് നിലവില്‍ ഇന്ത്യയിലെ ജയിലുകളില്‍ ഉള്ളത്. ഇന്ത്യയിലെ ജയിലുകളിലെ അവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരേസ മേയോട് സംസാരിച്ച വിവരം സുഷമ സ്വരാജാണ് പുറത്ത് വിട്ടത്. 

ഏപ്രിലില്‍ കോമണ്‍വെല്‍ത്ത് രാജ്യത്തലവന്മാരുടെ യോഗത്തിനിടെയായിരുന്നു പരാമര്‍ശം. വിജയ് മല്യയെ വിട്ടു കിട്ടുന്ന വിഷയത്തില്‍ സംസാരിച്ചപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

കോടികള്‍ തട്ടിച്ച് ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യയെ വിട്ടുകിട്ടുന്നതില്‍ തടസമാകുന്നത് ഇന്ത്യന്‍ ജയിലുകളിലെ ശോചനീയാവസ്ഥയും കാരണമാണെന്നാണ് സൂചന. ഇന്ത്യന്‍ ജയിലുകളില്‍ തടവുകാര്‍ തിങ്ങി നിറഞ്ഞ അവസ്ഥയാണെന്നും മനുഷ്യാവകാശം ലംഘിക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്നും വിജയ് മല്യ കോടതിയില്‍ വിശദമാക്കിയിരുന്നു. വൃത്തിയില്‍ പിന്നിലായ ഇന്ത്യന്‍ ജയിലുകളില്‍ ക്രൂരമായ പീഡനം ഉണ്ടെന്ന് വിജയ് മല്യ ലണ്ടന്‍ കോടതിയെ അറിയിച്ചിരുന്നു. 

മല്യയെ വിട്ടു നല്‍കുന്നതിന് മുന്‍പ് ഇന്ത്യന്‍ ജയിലുകളിലെ നിലവാരം പരിശോധിക്കണമെന്ന് നിര്‍ദേശം ഇതിന് ശേഷം ബ്രിട്ടനിലെ കോടതിയില്‍ നിന്ന് വന്നിരുന്നു. ഇത് അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു.