Asianet News MalayalamAsianet News Malayalam

രണ്ട് ദിവസത്തിനകം ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാകിസ്താനില്‍ പോയി സുരക്ഷിതനായി തിരിച്ചു വരാന്‍ സാധിക്കുന്നുണ്ട് എന്നാല്‍ അദ്ദേഹം ഭരിക്കുന്ന രാജ്യത്ത് ഒരു സ്ത്രീക്ക് ക്ഷേത്രത്തിൽ പോയി വരാൻ സാധിക്കുന്നില്ല.

will visit sabarimala in two days says trupthi desai
Author
Mumbai, First Published Oct 19, 2018, 2:52 AM IST

മുംബൈ: സുപ്രീംകോടതി വിധിക്ക് പിന്നാലെ നാന്നൂറിലേറെ വധഭീഷണികളാണ് തനിക്ക് ലഭിച്ചതെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി. ശബരിമല സന്ദര്‍ശിക്കുമെന്ന മുന്‍തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അടുത്ത ഒന്നോ രണ്ടോ ദിവസത്തിനകം താന്‍ ശബരിമലയിലെത്തുമെന്നും ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തൃ‍പ്തി ദേശായി പറഞ്ഞു.

വ്യാപകമായരീതിയില്‍ തനിക്ക് വധഭീഷണികള്‍ ലഭിക്കുന്നുണ്ട്. ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും താന്‍ അറിഞ്ഞിട്ടുണ്ട്.  ശബരിമലയിലേക്ക് പോയാല്‍ കൊല്ലും വെട്ടി കഷ്ണങ്ങാളാക്കും തിരിച്ചു പോരില്ല എന്നൊക്കെ പറ‍ഞ്ഞ് ധാരാളം വധഭീഷണികള്‍ ലഭിക്കുന്നു. ഇതിനെതിരെ പൊലീസിനെ സമീപിക്കും. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താനില്‍ പോയി സുരക്ഷിതനായി തിരിച്ചു വരുന്നു. നമ്മുടെ രാജ്യത്തെ ഒരു സംസ്ഥാനമായ കേരളത്തില്‍ ഒരു വനിതയ്ക്ക്  പോയി വരാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിന് വിശദീകരണം തരേണ്ടത് പ്രധാനമന്ത്രിയാണ്. ശബരിമലയിൽ പോയി ഞങ്ങൾക്ക് വല്ലതും സംഭവിച്ചാൽ അതിന് മറുപടി പറയേണ്ടത് പ്രധാനമന്ത്രിയാണ്. 

കേരളത്തിലും മഹാരാഷ്ട്രയിലും രണ്ട് തരം നിലപാടുകളാണ് ബിജെപിക്ക്. മഹാരാഷ്ട്രയില്‍ ലിംഗസമത്വം എന്ന ആശയത്തെ പിന്തുണച്ച ബിജെപി കേരളത്തില്‍ ഭക്തരുടെ വോട്ടുകള്‍ കിട്ടാന്‍ നാണം കെട്ട രാഷ്ട്രീയമാണ് കളിക്കുന്നത്. കേരളത്തില്‍ വലിയ അക്രമങ്ങളാണ് നടക്കുന്നതാണ് നമ്മള്‍ കാണുന്നത്. അവിടേക്ക് പോകുന്നത് പോലും അപകടമാണെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. എങ്കിലും അടുത്ത ഒന്നോ രണ്ടോ ദിവസത്തിനകം ശബരിമലയിലേക്ക് പോകാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മല കയറുന്ന തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കാണെന്നും തൃപ്തി ദേശായി ഇന്ത്യാ ടുഡേയോട് പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios