ദില്ലി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നവസാനിക്കും. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും ചര്‍ച്ചയ്‌ക്ക് സാധ്യതയില്ല. ആദ്യം അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി ചര്‍ച്ച ചെയ്യണം എന്ന നിലപാടിലാണ് ഭരണപക്ഷം. പ്രധാനമന്ത്രി നേരിട്ട് അഴിമതി നടത്തിയെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. ഇന്ന് പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിക്കാന്‍ ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.

ഇന്ന് ആറു മണിവരെ ദില്ലിയില്‍ ഉണ്ടാകണമെന്ന് എല്ലാ കോണ്‍ഗ്രസ് എംപിമാര്‍ക്കും രാഹുല്‍  ഗാന്ധിയുടെ നിര്‍ദ്ദേശമുണ്ട്. ഭരണപക്ഷം തന്നെ ചര്‍ച്ച തടസ്സപ്പെടുത്തി എന്ന പരാതിയുമായി പ്രതിപക്ഷ എംപിമാര്‍ ഇന്ന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയെ കാണും.

നോട്ട് അസാധുവാക്കലിനു ശേഷമുള്ള ജനദുരിതം തീര്‍ക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും പ്രതിപക്ഷം രാഷ്‌ട്രപതിയോട് അഭ്യര്‍ത്ഥിക്കും. ഇതിനിടെ ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍  പ്രധാനമന്ത്രിയെ കാണാനും സമയം ചോദിച്ചിട്ടുണ്ട്. കാര്‍ഷിക കടം എഴുതി തള്ളണം എന്നാവശ്യപ്പെട്ടുള്ള നിവേദനം നല്‍കാനാണ് ഈ കൂടിക്കാഴ്ച.