ചരക്കുസേവനനികുതി ബില്‍ പാസ്സാകുമോ എന്ന ചോദ്യത്തിന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഉത്തരം നല്കിയേക്കും. ഇതിനെക്കാള്‍ മികച്ച സമയം ബില്ല് പാസ്സാക്കാന്‍ സര്‍ക്കാരിന് മുന്നിലില്ല. മമതാ ബാനര്‍ജി ബില്ലിന് പിന്തുണ നല്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസും വിട്ടുവീഴ്ചയുടെ സൂചന നല്കുന്നു. എന്നാല്‍ സിപിഎമ്മും സമാജ് വാദി പാര്‍ട്ടി ഉള്‍പ്പടെ ചില പ്രാദേശിക കക്ഷികളുമാണ് ഇതിനെതിരെ ശക്തമായ നിലപാട് എടുത്തിരിക്കുന്നത്. എല്ലാ കക്ഷികളുടെയും യോഗം വിളിച്ചാല്‍ ഈ എതിര്‍പ്പ് അവസാനിച്ചേക്കും. 

എന്നാല്‍ വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കത്തില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധമാകാനാണ് സാധ്യത. അരുണാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും കേന്ദ്രം നടത്തിയ ഇടപെടല്‍ ഉന്നയിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഗവര്‍ണ്ണര്‍മാരെ ഉപയോഗിച്ച് സര്‍ക്കാരുകളെ അട്ടിമറിക്കില്ല എന്ന ഉറപ്പ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പടും. ഉത്തരാഖണ്ടില്‍ രാഷ്‌ട്രപതി ഭരണം പിന്‍വലിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇന്ന് പാര്‍ലമെന്റില്‍ വയ്‌ക്കും. വിലക്കയറ്റ വിഷയത്തിലാണ് സിപിഎം നോട്ടീസ് നല്കിയിരിക്കുന്നത്. ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിനാണ് സിപിഎം നോട്ടീസ് നല്കിയിക്കുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി ഇന്ന് കോണ്‍ഗ്രസ് എംപിമാരുമായി കൂചിക്കാഴ്ച നടത്തും. ബിജെപി നേതൃയോഗവും ഇന്നു വൈകിട്ട് ചേരും.