കര്‍ണ്ണാടക : ജാമ്യം കിട്ടാതെ കേരളത്തിലേക്ക് ഇല്ലെന്ന് രാഹുൽ ഈശ്വർ. ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അതുവരെ കർണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തിൽ കഴിയുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. 

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതിന് പുറകേ അതിനെ എതിര്‍ത്ത് രംഘത്തെത്തിയവരില്‍ പ്രമുഖനായിരുന്നു രാഹുല്‍ ഈശ്വര്‍. സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ തടയാനായി പല പദ്ധതികളും ആസൂത്രണം ചെയ്തെന്ന് വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. 

ഇതിനായി പ്ലാന്‍ ബിയും സിയുമുണ്ടെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. പൊലീസിന്‍റെ നീക്കങ്ങളെ മറികടന്ന് പ്രവര്‍ത്തകര്‍ക്ക് കാട്ടില്‍ വഴിതെറ്റാതിരിക്കാനായി വാക്കിടോക്കി ഉള്‍പ്പെടെയുള്ളവയുമായും രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ശബരിമലയിലെ അക്രമസംഭവങ്ങളെ കണക്കിലെടുത്ത് പൊലീസ്, രാഹുല്‍ ഈശ്വരനെതിരെ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രാഹുല്‍ ഈശ്വരിനോട് റാന്നിയിലും നിലയ്ക്കലേക്കും പ്രവേശിക്കരുതെന്ന് കോടതിയും നിര്‍ദ്ദേശിച്ചിരുന്നു.