ദില്ലി: ഇന്ത്യയുടെ മുൻ വനിതാ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധിക്ക് മികവ് തെളിയിക്കാൻ സ്ത്രീ സംവരണം വേണ്ടിവന്നില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. പാർട്ടിയിലെ പുരുഷ നേതാക്കളേക്കാൽ മികച്ച ഭരണം കാഴ്ച വച്ച ഭരണാധികാരി ആയിരുന്നു ഇന്ദിരയെന്നും ​ഗഡ്കരി കൂട്ടിച്ചേർത്തു. നാ​ഗ്പൂരിൽ വനിതാ സ്വയം സഹായ സംഘം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആയിരുന്നു ​അദ്ദേഹത്തിന്റെ ഈ വാക്കുകൾ എന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 

''വനിതാ സംവരണത്തിന് എതിരല്ല. എന്നാൽ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തെക്കുറിച്ച് എതിരഭിപ്രായമാണുള്ളത്.'' നിതിൻ ​ഗഡ്കരി പറയുന്നു. മറ്റ് നേതാക്കളേക്കാൾ മികവ് തെളിയിക്കാൻ ഇന്ദിരാ​ഗാന്ധിക്ക് കഴിഞ്ഞത് സംവരണം ഉണ്ടായിരുന്നത് കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു. 

സ്ത്രീ സംവരണത്തിന്റെ പിൻബലമില്ലാതെ രാഷ്ട്രീയത്തിൽ തിളങ്ങിയ വനിതകളാണ് കേന്ദ്രമന്ത്രി സുഷമ സ്വരാജും ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനുമെന്ന് നിതിൻ ​ഗഡ്കരി പ്രസം​ഗമധ്യേ ചൂണ്ടിക്കാണിച്ചു. സ്ത്രീസംവരണം അത്യാവശ്യമാണെന്നും എന്നാൽ ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ പിന്തുണയോടെയല്ല, അറിവിന്റെ അടിസ്ഥാനത്തിലാകണം മികച്ച പ്രകടനം കാഴ്ച വയ്ക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.