കൊച്ചി: ഏറെ കോളിളക്കം സൃഷ്‌ടിച്ച ജിഷവധക്കേസില്‍ പ്രതി അമിര്‍ ഉള്‍ ഇസ്ലമിനെ അയല്‍വാസി തിരിച്ചറിഞ്ഞു. കാക്കനാട് ജില്ലാ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് അയല്‍വാസിയായ സ്‌ത്രീ പ്രതിയെ തിരിച്ചറിഞ്ഞത്. ജിഷയുടെ അയല്‍വാസിയായ ശ്രീലേഖയാണ് അമിര്‍ ഉള്‍ ഇസ്ലമിനെ തിരിച്ചറിഞ്ഞത്. ഭര്‍ത്താവ് സുരേഷിനൊപ്പമാണ് ശ്രീരേഖ തിരിച്ചറിയല്‍ പരേഡിന് എത്തിയത്. ശ്രീരേഖ പ്രതിയെ തിരിച്ചറിഞ്ഞ വിവരം റിപ്പോര്‍ട്ടാക്കി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ അറിയിക്കും. നേരത്തെ നിശ്ചയിച്ചതില്‍നിന്ന് വ്യത്യസ്‌തമായി ശ്രീരേഖയെ മാത്രമാണ് തിരിച്ചറിയല്‍ പരേഡിന് എത്തിച്ചത്. പ്രതി പോകുന്നത് കണ്ട അയല്‍വാസിയായ മറ്റൊരു സ്‌ത്രീ, പ്രതി ചെരുപ്പ് വാങ്ങിയ കടയുടെ ഉടമ, പ്രതി താമസിച്ചിരുന്ന ലോഡ്ജിന്റെ ഉടമ എന്നിവരെ തിരിച്ചറിയല്‍ പരേഡിന് എത്തിക്കുമെന്നായിരുന്നു നേരത്തെ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം ശ്രീരേഖയെ മാത്രമാണ് തിരിച്ചറിയല്‍ പരേഡിന് എത്തിച്ചത്. തിരിച്ചറിയല്‍ പരേഡ് നടപടികള്‍ പൂര്‍ത്തിയായ ശേഷം തിരിച്ചുപോയ ശ്രീരേഖ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ശ്രീരേഖ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാതിരുന്നത് എന്നാണ് വിവരം. നേരത്തെ തിരിച്ചറിയല്‍ പരേഡിന് ഹാജരാകണമെന്ന സമന്‍സ് കൈപ്പറ്റിയ വിവരവും ശ്രീരേഖ മറച്ചുവെച്ചിരുന്നു.