ആർബെർട്ട: ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റിലെ ഗ്രില്ലിൽ കുടുങ്ങിയ ചെന്നായയുമായി യുവതി സഞ്ചരിച്ചത് 34 കിലോമീറ്റർ. കാനഡയിലെ ആർബെർട്ട സ്വദേശിനിയായ ജോർജി നോക്സിനാണ് ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിൽ ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നത്. യാത്രക്കിടെ പെട്ടെന്ന് റോഡ് മുറിച്ചു കടക്കുകയായിരുന്ന ചെന്നായയെ കാർ ശക്തിയായി ഇടിക്കുകയായിരുന്നു. പേടിച്ചുപോയ ജോർജി കാർ നിർത്തി പരിശോധിക്കാതെ വേഗത്തിൽ ഓടിച്ചു പോയി.
അടുത്തുള്ള നഗരത്തിലെ ട്രാഫിക്ക് സിഗ്നലിൽ കാർ നിർത്തിയപ്പോൾ സമീപം നിന്ന ഒരു നിർമാണ തൊഴിലാളിയാണ് കാറിന്റെ ബോണറ്റിലെ ഗ്രില്ലിൽ ഒരു ചെന്നായ കുടുങ്ങിയിരിക്കുന്നത് ഇവരുടെ ശ്രദ്ധയിൽപെടുത്തിയത്. ഗ്രില്ല് കീറി അകത്തേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു ചെന്നായ. ഏകദേശം 20-25 മിനിറ്റ് സമയം ഈ ഗ്രില്ലിൽ ചെന്നായ ജീവനോടെ കുടുങ്ങിയിരിക്കുകയായിരുന്നു. അപ്പോഴേക്കും 34 കിലോമീറ്റർ ദൂരം ജോർജി പിന്നിട്ടിരുന്നു.
തനിക്ക് സംഭവിച്ച അബദ്ധത്തിൽ മനസ്താപം തോന്നിയ ജോർജി മറ്റുള്ളവരുടെ സഹായത്തോടെ ചെന്നായയെ ഗ്രില്ലിൽ നിന്നും പുറത്തെടുക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലുള്ള പരിക്കേറ്റതൊഴിച്ചാൽ ചെന്നായക്ക് മറ്റ് കുഴപ്പങ്ങളൊന്നുമില്ല. ഇവർ അറിയിച്ചതെത്തിയ അധികൃതർ നൽകിയ ചികിത്സയ്ക്കു ശേഷം ചെന്നായയെ തുറന്നുവിട്ടു.
ചെന്നായ ഗ്രില്ലിൽ കുടുങ്ങി കിടക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ജോർജി ഫേസ്ബുക്കിൽ പങ്കുവെച്ചതിനെ തുടർന്ന് വൈറലാകുകയായിരുന്നു.
