അബുദാബി: പ്രസവത്തിന് ശേഷം നവജാതശിശുവിനെ വിമാനത്തിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച മാതാവ് പിടിയില്‍. 37 കാരിയായ ഹാനി വെസ്റ്റാണ് പിടിയിലായത്. അബുദാബിയില്‍ നിന്ന് ജക്കാര്‍ത്തയിലേക്കുള്ള യാത്രാ മദ്ധ്യേ ഇവര്‍ക്ക് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് വിമാനം ബാങ്കോക്കിലേക്ക് തിരിച്ച് വിട്ടിരുന്നു. 

ബാങ്കോക്ക് വിമാനത്താവളത്തില്‍ നിന്ന് സ്ത്രീയെ മെഡിക്കല്‍ സംഘം പരിശോധിച്ചു. ഇതിനെ തുടര്‍ന്ന് അടുത്ത വിമാനത്തിലാണ് ഹാനി ജക്കാര്‍ത്തയിലെത്തിയത്. അബുദാബിയില്‍ വീട്ട് ജോലി ചെയ്യുന്ന ഹാനി ഇന്തോനീഷ്യന്‍ പൗരയാണ്. 

ജക്കാര്‍ത്തയിലേക്കുള്ള ഇത്തിഹാദ് വിമാനത്തിലാണ് ഹാനി പ്രസവിച്ചതെന്നാണ് പൊലീസ് സംശയം. വിമാനത്തിലെ ശുചിമുറിയിലെ വലിപ്പില്‍ പ്ലാസ്റ്റിക്ക് സഞ്ചിയില്‍ പൊതിഞ്ഞ മൃതദേഹം ശുചീകരണ ജോലിക്കാരാണ് കണ്ടെത്തിയത്.