സമ്പന്നരായ യുവാക്കളെ വശീകരിക്കും വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി ആഭരണം തട്ടിയെടുക്കും

തിരുവനന്തപുരം: ഫോണിലൂടെ യുവാക്കളെ വശീകരിച്ച് വീട്ടിലെത്തിച്ച ശേഷം ആഭരണങ്ങള്‍ തട്ടിയെടുക്കുന്ന സ്ത്രീ പൊലീസ് പിടിയിലായി. പണക്കാരായ പുരുഷന്മാരെ തെരഞ്ഞ് പിടിച്ച് ഫോണില്‍ ബന്ധമുണ്ടാക്കി വീട്ടിലെത്തിച്ച ശേഷം ആഭരണം തട്ടിയെടുക്കുന്നത് പതിവാക്കിയ മേലാറന്നൂര്‍ സ്വദേശിയായ സുഗകുമാരി(38) ആണ് പിടിയിലായത്. പാറശ്ശാല സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ആഭരണങ്ങളുള്ളവരെയും സമ്പന്നരെന്ന് തോന്നുന്നവരെയും തന്ത്രപൂര്‍വ്വം വീഴ്ത്തുകയാണ് സുഗതകുമാരിയുടെ പതിവെന്ന് പൊലിസ് പറഞ്ഞു. അത്തരത്തില്‍ പാറശ്ശാല സ്വദേശിയെ കിഴക്കേക്കോട്ടയില്‍ വെച്ച് പരിചയപ്പെട്ട് ഫോണ്‍ നമ്പറും വാങ്ങി. പിന്നീട് നിരന്തരം വിളിച്ച് വശീകരിച്ച് വീട്ടിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. താനും മകളും മാത്രമേ വീട്ടിലുള്ളൂ എന്നും പറഞ്ഞു. ഇതോടെ ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ വാതിലടച്ച് കുറ്റിയിട്ടു. സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി തരാന്‍ ആവശ്യപ്പെടുകയായിരുന്നു. 

ആഭരണങ്ങള്‍ കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ നാട്ടുകാരെ വിളിച്ചു കൂട്ടുമെന്നും ബലാത്സംഗം ചെയ്‌തെന്ന് പറയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അഞ്ചര പവന്റെ മാല ഊരി വാങ്ങിയ ശേഷം പറഞ്ഞു വിട്ടു. എന്നാല്‍ ഇയാള്‍ പോലീസില്‍ പരാതിപ്പെട്ടതോടെ സുഗതകുമാരി കുടുങ്ങുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ആഭരണങ്ങള്‍ പണയം വെച്ചെന്ന് പറഞ്ഞു. അന്വേഷണത്തില്‍ പണയം വച്ച സ്വര്‍ണം പൊലീസ് കണ്ടെടുത്തു.

നഗരത്തിലെ പലയിടത്ത് വീടു വാടകയ്‌ക്കെടുത്ത് പുരുഷന്മാരെ വശീകരിച്ചു കൊണ്ടു പോയി ആഭരണം തട്ടുന്നത് ഇവരുടെ പതിവാണ്. അപമാനം ഭയന്ന് ആരും പരാതിപ്പെട്ടില്ല. ആഭരണം പണയം വെച്ച് പണം വാങ്ങി കാമുകനുമായി ആഡംബര ജീവിതം നയിക്കുകയാണ് പതിവ്. മോഷണകുറ്റത്തിന് നേരത്തേയും സുഗതകുമാരി പിടിയിലായിട്ടുണ്ട്. മാല മോഷണ കേസില്‍ കുറച്ചു മാസം മുന്‍പാണ് ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയത്.