ഗുരുഗ്രാം: ഹരിയാനയിൽ ഭർത്താവിനെ കൊല്ലാൻ കോട്ടേഷൻ കൊടുത്ത ഭാര്യയെയും സഹായികളേയും പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാം സ്വദേശിയായ സ്വീറ്റിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് ജോഗിന്ദർ സിംഗിനെ (37) കൊലപ്പെടുത്താൻ 16 ലക്ഷമാണ് സ്വീറ്റി വാഗ്ദാനം ചെയ്തത്. ഇവർക്കൊപ്പം കൊലപാതകത്തിന് സഹായം നൽകിയ ഏഴ് പേരേയും പൊലീസ് അറസ്റ്റ് ചെയ്തു.

സ്വീറ്റിയുടെ ഭർത്താവ് ജോഗിന്ദർ സിംഗ് (37) ആണ് അതിക്രൂരമായ കൊലപാതകത്തിന് ഇരയായത്. ഹരിയാനയിലെ ഗുരുഗ്രാമിലെ ബജ്ഘേര മലയിടുക്കിൽവച്ച് ഞായാറാഴ്ചയാണ് ജോഗിന്ദറിന്റെ മൃതദേഹം കണ്ടെത്തിയത്. കോട്ടൻ ബാഗിൽ പൊതിഞ്ഞ് കയർ ഉപയോഗിച്ച് നന്നായി കെട്ടി മുറുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 
 
ഭർത്താവിനെ കൊല്ലാൻ കോട്ടേഷൻ നൽകിയതായി ചോദ്യം ചെയ്യലിൽ സ്വീറ്റി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ പോകുകയാണെന്നും സ്വത്തൊക്കെ അവരുടെ പേരിൽ എഴുതി വയ്ക്കുകയാണെന്നും അറിഞ്ഞതിനെ തുടർന്നാണ് ജോഗിന്ദറിനെ കൊല്ലാൻ പദ്ധതിയിട്ടത് ഇതിനായി 16 ലക്ഷം രൂപയാണ് താൻ വാഗ്ദാനം ചെയ്തതെന്നും സ്വീറ്റി പറഞ്ഞു. 

ജനുവരി 16നാണ് ജോഗിന്ദർ കൊല്ലപ്പെടുന്നത്. അന്നേ ദിവസം രാത്രി ജോഗിന്ദറിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയും തുടർന്ന് മൃതദേഹം മലയിടുക്കിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. ദേഹം മുഴുവൻ കീറി മുറിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്ന് പിറ്റേന്ന് ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി സ്വീറ്റി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. പരാതിയിൽ മേൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു.

കേസിൽ അറസ്റ്റിലായവരിൽ അധികവും ഉത്തർപ്രദേശിൽ നിന്നും ദില്ലിയിൽ നിന്നുളളവരാണ്. ഇവരെ തിങ്കളാഴ്ച ഗുരുഗ്രാം കോടതിയിൽ ഹാജരാക്കി.