ബലിയ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത റാലിക്കിടെ ബിജെപി പ്രവര്‍ത്തകയായ മുസ്ലിം യുവതിയുടെ ബുര്‍ക്ക അഴിപ്പിച്ച് പൊലീസ്. യു.പിയിലെ ബലിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടക്കാട്ടി പൊതുസദസില്‍ വച്ച് വനിതാ പൊലീസുകാര്‍ യുവതിയുടെ ബുര്‍ക്ക അഴിപ്പിച്ചത്.

സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും, എന്നാല്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം ധരിച്ച് ആളുകളെ പങ്കെടുപ്പിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നതായും ബലിയ പൊലീസ് സൂപ്രണ്ട് അനില്‍ കുമാര്‍ പ്രതികരിച്ചു. അതേസമയം എന്തിനാണ് തന്റെ ബുര്‍ക്ക അഴിപ്പിച്ചതെന്ന് അറിയില്ലെന്നും താനും ഭര്‍ത്താവും ബി.ജെ.പി പ്രവര്‍ത്തകയാണെന്നും യുവതി പ്രതികരിച്ചു. 

24 ജില്ലകളില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് പ്രചരണ റാലികള്‍ സംഘടിപ്പിച്ചത്. നേരത്തെ ഇത്തരത്തില്‍ മീറത്തില്‍ നടന്ന റാലിയില്‍ യോഗി ആദിത്യനാഥ് സംസാരിക്കുന്നതിനിടെ ഒരുകൂട്ടം ആളുകള്‍ കറുത്ത വസ്ത്രങ്ങള്‍ ഊരി കാണിച്ചത് സുരക്ഷാവീഴ്ചയായി കണക്കാക്കിയിരുന്നു. തുടര്‍ന്നാണ് യോഗി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത വസ്ത്രധാരികളെ തടയാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയത്. 

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ബുധനാഴ്ച ആരംഭിക്കും. രണ്ടാം ഘട്ടം ഈമാസം 26നും രണ്ടാം ഘട്ടം നവംബര്‍ 29നും നടക്കും.