ജബല്‍പൂര്‍: അച്ഛനെ ബിജെപി നേതാവ് അപമാനിച്ചതിനെ തുടര്‍ന്ന് 20 വയസുകാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ബിജെപി ന്യൂനപക്ഷ സെല്‍ നേതാവ് മുഹമ്മദ് ഷഫീഖ് അലിയാസ് ഹീറ പെണ്‍കുട്ടിയുടെ അച്ഛനെ അപമാനിക്കുന്നതിന്‌റെ വീഡിയോ വൈറലാതിനു പിന്നാലെയാണ് ആത്മഹത്യ ശ്രമം.

ഒരു സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് തനിക്കെതിരേ സംസാരിച്ചതിന് പെണ്‍കുട്ടിയുടെ അച്ഛനെ, ഹീര കുനിഞ്ഞു നില്‍ക്കാന്‍ നിര്‍ബന്ധിച്ച ശേഷം പുറത്ത് വെള്ളക്കുപ്പി വച്ചു. മൂന്നു തവണ ഇത് ആവര്‍ത്തിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ഈ വീഡിയോ പെണ്‍കുട്ടി പഠിക്കുന്ന കോളേജിലും പ്രചരിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. 

കോളേജില്‍ നിന്നും വീട്ടിലെത്തിയ പെണ്‍കുട്ടി വിഷം കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ കുറ്റക്കാരനായ ബിജെപി നേതാവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് കെ.കെ മിശ്ര ആവശ്യപ്പെട്ടു. പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചിരുന്നെങ്കിലും കുട്ടി സംസാരിക്കാന് കഴിയാത്ത അവസ്ഥയിലായിരുന്നതിനാല്‍ മൊഴി രേഖപ്പെടുത്താന് സാധിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ രാമേശ്വര്‍ രാജ്ഭര്‍ പറഞ്ഞു. അന്വേഷണം ആരംഭിച്ചുവെന്നും തെളിവുകള്‍ പ്രകാരം പ്രവര്‍ത്തിമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.