തിരുവനന്തപുരം: അഗസ്ത്യാര്‍കൂട വനയാത്രയില്‍ സ്‌ത്രീകളെ ഉള്‍പ്പെടുത്തുമെന്ന ഉറപ്പ് ഇത്തവണയും പാലിക്കാതെ സര്‍ക്കാര്‍. വിലക്കിനെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് വനിതാ സംഘടനകളുടെ തീരുമാനം. ജനുവരി 14 മുതല്‍ ഫെബ്രുവരി 18 വെരയാണ് അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് അവസരം. വനംവകുപ്പ് ഇത്തവണ ഇറക്കിയ സര്‍ക്കുലറിലും സ്‌ത്രീകള്‍ക്ക് വിലക്കുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിലക്കിനെതിരെ കഴിഞ്ഞ വര്‍ഷം വനിതാ സംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അപേക്ഷ നല്‍കിയ 51 സ്‌ത്രീകള്‍ക്ക് അതിരുമല വരെ യാത്ര അനുവദിക്കാമെന്ന് ഒടുവില്‍ വനംമന്ത്രി ഉറപ്പ് നല്‍കി. അതുപോരെന്ന നിലപാടായിരുന്നു വനിതാ സംഘടനകള്‍ക്ക്.അതിനിടെ സര്‍ക്കാര്‍ നടപടിക്കെതിരെ ആദിവാസി ഗോത്രമഹാസഭ ഹൈക്കോടതിയെ സമീപിച്ചു.സ്‌ത്രീകള്‍ വന്നാല്‍ തടയും എന്നും പ്രഖ്യാപിച്ചതോടെ സ്‌ത്രീപ്രവേശനം നടന്നില്ല. ഈ വര്‍ഷം മലകയറാമെന്ന മോഹവും പാഴായി.

സ്‌ത്രീപ്രവേശനം ആചാരങ്ങളെ ബാധിക്കുമെന്ന നിലപാടാണ് അഗസ്ത്യാര്‍കൂടത്തിലെ കാണിവിഭാഗക്കാരുടെ വാദം. ഇവരുടെ എതിര്‍പ്പിനൊപ്പം സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വീണ്ടും സ്‌ത്രീകളെ വിലക്കിയത്. ഇടതു സര്‍ക്കാറിന്റെ സ്‌ത്രീവിരുദ്ധ നിലപാടിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിനിറങ്ങാനാണ് വനിതാകൂട്ടായ്മയുടെ തീരുമാനം അനുമതിക്കായി വനിതാസംഘടനകള്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.