. പ്രായം കുറയ്ക്കാനും യൗവനം നിലനിര്‍ത്താനുമുള്ള 'ആന്റി-ഏജിംഗ്' കുത്തിവെപ്പു മരുന്നുകള്‍ നിര്‍മ്മിക്കാനാണ് ഇവ കടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇസ്‌ലാമാബാദ്: പ്രസവത്തിന് ശേഷം ആശുപത്രികളില്‍ നിന്ന് നീക്കം ചെയ്യുന്ന മറുപിള്ള വാങ്ങി ഉണക്കി വിദേശത്തേക്ക് കടത്തുന്ന അന്താരാഷ്ട്ര മാഫിയാ സംഘത്തെ പാക്കിസ്താന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പിടികൂടി. പ്രായം കുറയ്ക്കാനും യൗവനം നിലനിര്‍ത്താനുമുള്ള 'ആന്റി-ഏജിംഗ്' കുത്തിവെപ്പു മരുന്നുകള്‍ നിര്‍മ്മിക്കാനാണ് ഇവ കടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ആഴ്ചയാണ് ഇസ്ലാമാബാദിലെ ഒരു താല്‍ക്കാലിക സംസ്‌കരണ കേന്ദ്രത്തില്‍ റെയ്ഡ് നടന്നത്. 500 കിലോഗ്രാം മറുപിള്ളയാണ് ഇവിടെനിന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഒരു വീട് പൂര്‍ണ്ണമായും മറുപിള്ള സൂക്ഷിക്കാനും ഉണക്കാനുമുള്ള ഫാക്ടറിയാക്കി മാറ്റിയ നിലയിലായിരുന്നു. ഇതിന് പിന്നാലെ ഇസ്ലാമാബാദ് വിമാനത്താവളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് കടത്താന്‍ ശ്രമിച്ച 100 കിലോഗ്രാം മറുപിള്ളയും പിടിച്ചെടുത്തു.

ഇസ്ലാമാബാദ്, റാവല്‍പിണ്ടി നഗരങ്ങളിലെ ആശുപത്രികളില്‍ നിന്നാണ് പ്രതികള്‍ മറുപിള്ള ശേഖരിച്ചിരുന്നത്. ഒരു മറുപിള്ളയ്ക്ക് 800 പാകിസ്ഥാന്‍ രൂപയാണ് ഇവര്‍ ആശുപത്രി അധികൃതര്‍ക്ക് നല്‍കിയിരുന്നത്. വിദേശത്ത് ഇവ പ്രോസസ്സ് ചെയ്ത് നിര്‍മ്മിക്കുന്ന ആന്റി-ഏജിംഗ് ഇന്‍ജക്ഷന്‍ 7,00,000 പാകിസ്ഥാന്‍ രൂപയ്ക്കാണ് വില്പന നടത്തിയിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി.

മാഫിയയുടെ പ്രവര്‍ത്തനം ലാഹോര്‍, പെഷവാര്‍ തുടങ്ങിയ മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നാണ് നിഗമനം. കേസില്‍ ആശുപത്രി ജീവനക്കാര്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന കമ്പനികള്‍, ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

വാണിജ്യ ആവശ്യങ്ങള്‍ക്കായി മനുഷ്യ അവയവങ്ങളോ കോശങ്ങളോ കടത്തുന്നത് പാകിസ്ഥാനില്‍ കടുത്ത കുറ്റകൃത്യമാണ്. കുറ്റക്കാര്‍ക്ക് 10 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. മറുപിള്ള കടത്ത് പിടികൂടുന്നത് ഇതാദ്യമായാണെന്ന് അധികൃതര്‍ പറഞ്ഞു. പിടിക്കപ്പെട്ടപ്പോള്‍ ആടിന്റെ മറുപിള്ളയാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നുവെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ഗര്‍ഭകാലത്ത് ഗര്‍ഭപാത്രത്തില്‍ വികസിക്കുകയും പ്രസവത്തോടെ പുറന്തള്ളപ്പെടുകയും ചെയ്യുന്ന താല്‍ക്കാലിക അവയവമാണ് മറുപിള്ള. ഇത് കടുത്ത അണുബാധയ്ക്ക് കാരണമാകുന്ന ബയോ-മെഡിക്കല്‍ അവശിഷ്ടം' ആണ്. മറുപിള്ളയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും അയണും കോശങ്ങളുടെ പുനരുജ്ജീവനത്തിന് നല്ലതാണെന്ന ചില പരമ്പരാഗത വിശ്വാസങ്ങളാണ് ഇത്തരം മാഫിയകള്‍ ചൂഷണം ചെയ്യുന്നത്. ഇതിന് കൃത്യമായ ശാസ്ത്രീയ അടിത്തറയില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.