ന്യൂയോര്‍ക്ക്: അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്ന സംശയത്തെ തുടര്‍ന്ന് ബൗണ്‍സറെ ഇടിച്ചിട്ട് യുവതി. ന്യൂയോര്‍ക്കിലെ നിശാ ക്ലബ്ബില്‍ പാര്‍ട്ടിക്കിടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന സംശയം തോന്നിയതോടെയാണ് യുവതി ബൗണ്‍സറെ ആക്രമിച്ചത്. അഞ്ചടി ഉയരമുള്ള ഇരുപത്തിരണ്ടുകാരിയാണ് ആറടി ഉയരമുള്ള ബൗണ്‍സറെ ശ്വാസം മുട്ടിച്ച് ബോധരഹിതനാക്കി നിലത്ത് വീഴ്ത്തിയത്. ആളുമാറി ബൗണ്‍സറെ ഇടിച്ചിട്ട യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

നിശാ ക്ലബില്‍ നൃത്തം ചെയ്യുന്നതിനിടെ യുവതിയുടെ ശരീരത്തില്‍ സഭ്യമല്ലാത്ത രീതിയില്‍ സ്പര്‍ശനമേല്‍ക്കുകയായിരുന്നു. തിരിഞ്ഞ് നോക്കിയപ്പോള്‍ യുവതി കണ്ടത് ക്ലബ്ബിലെ ബൗണ്‍സറായ ആറടിക്കാരനെ.  ഇയാളുടെ കഴുത്തില്‍ പിടിച്ച യുവതി പത്തു സെക്കന്റടുത്ത് ഇയാളെ ശ്വാസം മുട്ടിച്ചു. പെട്ടന്നുള്ള യുവതി ആക്രമണത്തില്‍ ബൗണ്‍സര്‍ പതറി. ബൗണ്‍സറെ കഴുത്തില്‍ പിടിച്ച് ശ്വാസം മുട്ടിച്ച യുവതി ഇയാള്‍ ബോധരഹിതനായി താഴെ വീണതോടെയാണ് ആക്രമണത്തില്‍ നിന്ന് പിന്തിരിഞ്ഞത്. 

കിയാര ലാഗ്രേവ് എന്ന യുവതിയെ പ്രകോപിപ്പിച്ചയാളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച നിശാക്ലബ്ബ് അധികൃതര്‍ കണ്ടെത്തിയത് യുവതിക്കൊപ്പമുള്ള സുഹൃത്തിനെയാണ്. കാനഡ അതിര്‍ത്തിക്ക് സമീപമുള്ള പ്ലാറ്റ്സ്ബര്‍ഗ് എന്ന സ്ഥലത്താണ് സംഭവം. യുവതി തമാശ കാണിക്കുകയാണെന്ന് കരുതിയാണ് ബൗണ്‍സര്‍ ഇവര്‍ക്കെതിരെ പ്രതികരിക്കാത്തതെന്നാണ് നിശാക്ലബ്ബുകാരുടെ വാദം. യുവതിയെ നിശാക്ലബ്ബ് അധികൃതര്‍ പൊലീസിന് കൈമാറി.