ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന പേരിൽ രംഗത്തെത്തിയ അമൃത സാരഥി ഡിഎൻഎ ടെസ്റ്റിന് വിധേയയായേക്കും. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിൽ ഡിഎൻഎ ടെസ്റ്റിന് വിധേയയാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച കേസ് ഈ മാസം 25ന് കോടതി പരിഗണിക്കുന്നുണ്ട്. ഇവിടെ അനുകൂല വിധി മുന്നിൽക്കണ്ടാണ് അമൃത ടെസ്റ്റിന് ശ്രമിക്കുന്നത്.
താൻ ജയലളിതയുടെ മകളാണെന്നും അത് തെളിയിക്കാനായി ഡിഎൻഎ ടെസ്റ്റ് നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അമൃത കോടതിയെ സമീപിച്ചിരുന്നു. ജയലളിതയുടെ സഹോദരിയായ ഷൈലജയും ഭർത്താവ് സാരഥിയുമാണ് അമൃതയെ വളർത്തിയത്. അതേസമയം, സാരഥിയും ഷൈലജയും ഇപ്പോൾ ജീവിച്ചിരിപ്പില്ല. മാർച്ചിൽ സാരഥി മരിക്കുന്നതിനു മുമ്പായി താൻ ജയലളിതയുടെ മകളാണെന്ന് വെളിപ്പെടുത്തി എന്നാണ് അമൃത പറയുന്നത്.
1980 ആഗസ്റ്റ് 14 ന് ചെന്നൈയിലുള്ള ജയലളിതയുടെ മൈലാപ്പൂരിലെ വസതിയിൽ ജനിച്ചതായാണ് അമൃത അവകാശപ്പെടുന്നത്. എന്നാൽ ജയലളിത പ്രസവിച്ച വിവരം വീട്ടുകാർ മൂടിവെച്ചു. ബ്രാഹ്മണ കുടുംബത്തിന്റെ അന്തസ്സ് തകരാതിരിക്കാൻ തന്നെ വളർത്താനായി ബന്ധുവായ ഷൈലജയെ ഏൽപ്പിക്കുകയായിരുന്നുവെന്നും പറയുന്നു.

