ഏപ്രില്‍ 21ന് ഇന്റര്‍നാഷണല്‍ സിറ്റിയില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞത്.

ദുബായ്: 12 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി ദുബായ് പൊലീസിനെ സമീപിച്ച യുവതിക്ക് അന്വേഷണത്തിനൊടുവില്‍ കിട്ടിയത് മൂന്ന് മാസം തടവ്. വിസിറ്റിങ് വിസയില്‍ രാജ്യത്തെത്തിയ 29 വയസുകാരിയായ പാകിസ്ഥാന്‍ പൗരയായിരുന്നു പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.

ഏപ്രില്‍ 21ന് ഇന്റര്‍നാഷണല്‍ സിറ്റിയില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞത്. 12 പേരുണ്ടായിരുന്നുവെന്നും താന്‍ കൂട്ടബലാത്സംഗത്തിനിരയായെന്നും റാഷിദിയ്യ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പൊലീസ് വിശദമായ അന്വേഷണം നടത്തിയതോടെ വേശ്യാവൃത്തിക്ക് പിടിക്കപ്പെടാതിരിക്കാന്‍ വ്യാജ പരാതി തട്ടിക്കൂട്ടിയതാണെന്ന് പൊലീസിന് മുന്നില്‍ ഇവര്‍ സമ്മതിച്ചു. ഒരു പാകിസ്ഥാന്‍ പൗരനുമായും ഇയാളുടെ രണ്ട് സുഹൃത്തുക്കളുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. 600 ദിര്‍ഹം തരാമെന്ന് സമ്മതിച്ചിട്ടായിരുന്നു ഇത്. എന്നാല്‍ ആരും പണം നല്‍കിയില്ല. പകരം വാഹനത്തില്‍ യുവതിയെ ഫ്ലാറ്റിന് മുന്നില്‍ എത്തിച്ച് ഇറക്കിവിടുകയായിരുന്നു. ഇവരെ കുടുക്കാനായാണ് കൂട്ടബലാത്സംഗം സംബന്ധിച്ച പരാതി നല്‍കിയത്. 

യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരെപ്പറ്റിയും പിന്നീട് പൊലീസിന് വിവരം ലഭിച്ചു. ഇവരുടെ താമസ സ്ഥലത്ത് പരിശോധന നടത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്ന് പേരും യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് സമ്മതിച്ചു. ഇതിന് വേണ്ടി മാത്രമായി ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്തുവെന്നും ഇവര്‍ പറഞ്ഞു. തിരിച്ചറിയല്‍ പരേഡില്‍ മൂന്ന് പ്രതികളെയും യുവതി തിരിച്ചറിയുകയും ചെയ്തു. ഇതോടെയാണ് യുവതിക്ക് മൂന്ന് മാസം തടവ് ശിക്ഷയും അതിന് ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടത്.